അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ ഗവ.ദന്തല്‍ കോളേജ്. സ്വന്തം കാമ്പസില്ലാത്തതിനാല്‍ 18 വര്‍ഷമായിട്ടും പി.ജി ഇല്ല.

 

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളജ്.

വടക്കേമലബാറിലെ ഈ ദന്തല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന സ്ഥലമായി

മാറിയിട്ടുണ്ടെങ്കിലും രോഗികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ചികില്‍സ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല.

ദന്തരോഗ ചികില്‍സക്കാവശ്യമായ മെറ്റീരിയലുകള്‍ യഥാസമയം ലഭിക്കാത്തതിനാല്‍ ചികില്‍സ തേടിടെത്തുന്നവരില്‍ ഭൂരിഭാഗത്തിനും ചികില്‍സ നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

സഹകരണ ഭരണസമിതിക്ക് കീഴിലായിരുന്നപ്പോള്‍ ഏത് മെറ്റീരിയലുകളും ആവശ്യപ്പെട്ടാലുടനെ ലഭ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരികയാണ്.

കേരളത്തിലെ മികച്ച ദന്തരോഗ വിദഗ്ദ്ധന്‍മാരുള്ള ഈ കോളേജ് ചികില്‍സയുടെ കാര്യത്തില്‍ നേരത്തെ നമ്പര്‍ വണ്‍ ആയിരുന്നുവെങ്കില്‍ ഗവ.കോളേജായി മാറിയതോടെ സ്ഥിതി വ്യത്യസ്തമാണ്.

2004 ല്‍ ആരംഭിച്ച ഈ ദന്തല്‍ കോളേജിന് 18 വര്‍ഷം പിന്നിട്ടിട്ടും ഇതേവരെ എം.ഡി.എസ് പി.ജി കോഴ്‌സ് ലഭിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

സ്വന്തമായി കെട്ടിടവും കാമ്പസും ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ ദന്തല്‍ കൗണ്‍സില്‍ പി.ജി.കോഴ്‌സിന് അനുമതി നല്‍കുകയുള്ളൂ.

ഇവിടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് ദന്തല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ 119 ഏക്കര്‍ സ്ഥലമാണ് മെഡിക്കല്‍ കോളേജിന് ഉള്ളത്. ഒഴിഞ്ഞുകിടക്കുന്ന വിശാലമായ സ്ഥലങ്ങള്‍ ബാക്കിയുള്ളതിനാല്‍ ദന്തല്‍ കോളേജിന് പ്രത്യേകം കെട്ടിടം പണിയാന്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വടക്കേമലബാറിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ദന്തചികില്‍സാ കേന്ദ്രമാക്കി ഈ സ്ഥാപനത്തെ മാറ്റിയെടുക്കാന്‍ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും.