മാഷെ ഹാപ്പി വരുമ്പോള്‍ ചെറുശ്ശേരിയെ ഔട്ടാക്കരുതേ—ഹാപ്പിനസ് സ്ക്വയര്‍ ഉദ്ഘാടനം ജനുവരി 9 ന്.
തളിപ്പറമ്പ്: ഹാപ്പി വരുമ്പോള്‍ ചെറുശ്ശേരി പുറത്ത്.
ജനുവരി ഒന്‍പതിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിനെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാവുകയാണ്.
നേരത്തെ നോര്‍ത്ത് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥലത്തിന് 30 സെന്റ് വിസ്തീര്‍ണമുണ്ട്.
ഇവിടെ തളിപ്പറമ്പിലെ ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
2020 മാര്‍ച്ച് 7 ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ഇതിന് തറക്കല്ലിടുകയും ചെയ്തു.
എന്നാല്‍ ജയിംസ്മാത്യു എം.എല്‍.എ ഇടപെട്ടാണ് പൊതുപരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികളില്ലാത്ത തളിപ്പറമ്പില്‍ അതിന് പരിഹാരമെന്ന നിലക്ക് വിശാലമായ സ്റ്റേജും രണ്ട് വിശ്രമമുറികളും അടങ്ങിയ ആംഫി തിയേറ്റര്‍ നിര്‍മ്മിച്ചത്.
2021 ഫെബ്രുവരി 23 ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് തന്നെയാണ് 87 ലക്ഷം രൂപ ചെലവിട്ട ചെറുശേരി സര്‍ഗ്ഗാലയ എന്ന് പേരിട്ട ആംഫി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്.
ചെറുശേരിക്ക് വേറെ സ്മാരകങ്ങളില്ലാത്തതിനാല് ഇത് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളുപോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
കാടുകയറിക്കിടക്കുന്ന അവസ്ഥയിലായ അവിടെ ചുറ്റുമതിലും ഇരിപ്പിടങ്ങളും ലൈറ്റുകളും ഒക്കെ ഒരുക്കുന്നതിന് കൂടുതല്‍ തുക അവശ്യമാണെങ്കിലും ഈ സമുച്ചയം ഗുണപരമായി ഉപയോഗപ്പെടുത്താന്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിനാല്‍ അനാഥാവസ്ഥയിലായി.
ഇതിനിടയിലാണ് 2023 ഡിസംബറില്‍ ഇവിടെ ഹാപ്പിനസ് സ്ക്വയര്‍ എന്നപേരില്‍ സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ 87 ലക്ഷം ചെലവഴിച്ച ഇവിടെ 2.72 കോടി രൂപ വീണ്ടും മുതല്‍മുടക്കിയാണ് ഹാപ്പിനസ് സ്ക്വയര്‍ നിര്‍മ്മിച്ചത്.
ഇതോടൊപ്പം എം.എല്‍.എ ഓഫീസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മൊത്തത്തില്‍ 3.59 കോടി രൂപയാണ് ഹാപ്പിനസ് സ്ക്വയറിനായി ചെലവഴിച്ചത്.
കൃഷ്ണഗാഥയുടെയുടെ രചയിതാവായ ചെറുശ്ശേരിക്ക് കണ്ണൂരില്‍ കാര്യമായ സ്മാരകങ്ങളൊന്നും നിലവിലില്ല.
നേരത്തെ ഉണ്ടായിരുന്ന ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ തന്നെ ഇത് നവീകരിച്ചാല്‍ ആര്‍ക്കെങ്കിലും സന്തോഷക്കുറവ് ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഏതായാലും ചെറുശ്ശേരിയെ പൂര്‍ണ്ണമായി ഔട്ടാത്താത്ത ഒരു നിലപാട് സംഘാടകര്‍ സ്വീകരിക്കുമായിരിക്കും എന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.