ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നകേസില്‍ വിചാരണക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി-

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ വീണ്ടും അട്ടിമറിനീക്കം.

വിചാരണ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ വിചാരണകോടതി ജഡ്്ജിയെ സ്ഥലംമാറ്റി.

ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ദുരൂഹമായ സ്ഥലമാറ്റ ഉത്തരവ്.

വിചാരണകോടതിയായ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടിരിക്കുന്നത്.

ഈ ഒഴിവിലേക്ക് പകരം ജഡ്ജിയെ നിയമിച്ചിട്ടില്ല. കേസ് അട്ടിമറിക്കാനെന്ന പഴി ഒഴിവാക്കാന്‍ ഒന്‍പത് ജഡ്ജിമാര്‍ക്കൊപ്പമാണ് സ്ഥലംമാറ്റമെങ്കിലും വിചാരണയുടെ അവസാനനിമിഷത്തിലുള്ള ഈ നീക്കം അട്ടിമറിയാണെന്ന സംശയമാണ് ഉയരുന്നത്.

കേസിലെ എല്ലാ സാക്ഷികളുടെയും വിസ്താരം ഈ മാസം 27 ന് പൂര്‍ത്തിയാക്കാനിരിക്കെയാണ് നടപടി.

പുതിയ ജഡ്ജി ചുമതലയേറ്റാല്‍ ഇതുവരെയുള്ള എല്ലാ വിചാരണ നടപടികളും തുടക്കംമുതല്‍ വായിച്ചു മനസിലാക്കേണ്ടിവരും. ഇത് വിധിപറയുന്നതില്‍ കാലതാമസമുണ്ടാക്കും.

ഒന്നാംസാക്ഷിയുടെ മൊഴിയും ക്രോസ് വിസ്താരവും തന്നെ 150 പേജിലധികമുണ്ട്.

ബിഷപ്പിന്റെ ബലാല്‍സംഗക്കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ നടന്ന അട്ടിമറി ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെയാണ് അവസാന ഗൂഢനീക്കമെന്ന നിലയില്‍ ജഡ്ജിയെ സ്ഥലംമാറ്റുന്നത്.

യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയനാകാത്തയാളെന്ന സല്‍പ്പേരുള്ള ജഡ്ജിയെ സ്ഥലംമാറ്റി വിധി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.

മെയ്മാസത്തില്‍ ട്രാന്‍സ്ഫര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാനത്തോടെ വിധിപറയാന്‍ തയ്യാറെടുക്കെവെയാണ് ഈ അട്ടിമറി.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളും ജലന്ധറില്‍ ഫ്രാങ്കോയുടെ മൊഴിയെടുക്കാന്‍ ചെന്ന അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും

ഫ്രാങ്കോയുടെ ഗുണ്ടകള്‍ നേരിട്ടതും. അന്വേഷണ പുരോഗതിക്കിടെ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും പ്രതിഭാഗം വിഫലശ്രമം നടത്തിയിരുന്നു.

ഒടുവില്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ ഫ്രാങ്കോയെ മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷം 2018 സപ്തംബര്‍ 21 നാണ് അറസ്റ്റ് ചെയ്തത്.

മൂന്നാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രീംകോടതിവരെ ഫ്രാങ്കോ നടത്തിയ നിയമുപോരാട്ടങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അവസാന അട്ടിമറിയായി ജഡ്ജിയെ തന്നെ നീക്കുന്നത്.