സംഗീതമുതിര്‍ന്ന വീട് ദ്രവിച്ചുതീരുന്നു–കൈതപ്രം സഹോദരങ്ങളുടെ വീട് ശോചനീയാവസ്ഥയില്‍

 

 

പാണപ്പുഴയും കണ്ണാടിപ്പുഴയും വണ്ണാത്തിപ്പുഴയും മലയാളികളുടെ മറക്കാനാവാത്ത ഗൃഹാതുരത്വമാക്കി മാറ്റിയ കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം ഇടിഞ്ഞുതീരുന്നു.

ഒരുകാലത്ത് സംഗീതം അലയടിച്ചിരുന്ന വണ്ണാത്തിപ്പുഴയുടെ തീരത്തെ ഈ നാലുകെട്ട് ഏതാണ്ട് പകുതിയോളം തകര്‍ന്നുകഴിഞ്ഞു.

കണ്ണാടി ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ കേശവന്‍ നമ്പൂതിരിയുടെയും മക്കളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും വിശ്വനാഥന്റെയും ജന്‍മം കൊണ്ട് പ്രശ്തമായ ഏതാണ്ട് 200 കൊല്ലത്തോളം പഴക്കമുള്ള ഈ തറവാട് 2005 ലാണ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ 17 വര്‍ഷത്തിലേറെയായി ആളനക്കമില്ലാത്തതിനാല്‍ ഇല്ലം പതുക്കെ ദ്രവിച്ച് തീരുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ മേല്‍പ്പുര നിലംപൊത്തിയതോടെയാണ് തകര്‍ച്ച ആരംഭിച്ചത്.

കൈതപ്രവും വിശ്വനാഥനും താമസം കോഴിക്കോടേക്ക് മാറ്റുകയും, മറ്റൊരു സഹോദരനും യോഗാചാര്യനുമായ വാസുദേവന്‍നമ്പൂതിരി എറണാകുളത്തുമാണ് താമസം.

വിവാഹിതരായ പെണ്‍മക്കളില്‍ ഒരാള്‍ നീലേശ്വരത്താണ് താമസം. മറ്റൊരു മകള്‍ മരണപ്പെടുകയും ചെയ്തു.

താമസിക്കാന്‍ ആളില്ലാതായതോടെയാണ് തറവാട് വീട് അടച്ചുപൂട്ടിയത്.

കൈതപ്രം സിനിമാരംഗത്ത് പ്രശസ്തനായതോടെ പിതാവിന്റെ ശ്രാദ്ധദിനത്തില്‍ കാവാലം നാരായണപണിക്കര്‍, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സംവിധായകന്‍ ജയരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ തറവാട്ടിലെത്തിയിരുന്നു.

പൗരാണികമായ ഈ നാലുകെട്ടിനോടനുബന്ധിച്ച് വിശാലമായ കുളവും വണ്ണാത്തിപ്പുഴയിലേക്കുള്ള നടപ്പാതയുമുണ്ട്.

ഈ ഭാഗത്തെത്തുമ്പോഴാണ് വണ്ണാത്തിപ്പുഴ കണ്ണാടിപ്പുഴയായി പേരുമാറുന്നത്.

നാല്‍പ്പതോളം പ്രശസ്തമായ ഇല്ലങ്ങളും മനകളുമുള്ള ഈ പ്രദേശത്ത് പുഴ ഒഴുകിയെത്തുന്നതിന് സമീപത്തെ ഇല്ലങ്ങളുടെ പേരിലാണ് പുഴ തന്നെ പ്രാദേശികമായി അറിയപ്പെടുന്നത്.

ഇല്ലങ്ങളുടെ ഭാഗത്തുനിന്ന് പുഴയിലേക്കിറങ്ങാന്‍ അന്നത്തെ കാലത്ത് കല്‍ക്കെട്ടുകളും ഉണ്ടായിരുന്നു.

ഇപ്പോള്‍ ഇരുപതോളം അവകാശികളുള്ള ഈ നാലുകെട്ടില്‍ ഇരുപത്തിയഞ്ചോളം മുറികള്‍ ഉണ്ടായിരുന്നു.

കൂട്ടുകുടുംബമായി ജീവിച്ചിരുന്നവരെല്ലാം ഉപജീവനാര്‍ത്ഥം മാറിപ്പോയതോടെയാണ് തറവാട്ടില്‍ താമസിക്കാന്‍ ആളില്ലാതെവന്നതെന്ന് അവകാശികള്‍ പറയുന്നു.

എങ്കിലും തറവാട് പുനരുദ്ധരിക്കുന്നതിനായി ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായുള്ള ആലോചനകള്‍ നടക്കുന്നതായിട്ടാണ് അറിവ്.

ശുദ്ധസംഗീതം അലയടിച്ചിരുന്ന ഈ സംഗീതവീട് അതിന്റെ പ്രൗഡിയോടെ തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് കൈതപ്രം ഗ്രാമവാസികള്‍.

Report-കരിമ്പം.കെ.പി.രാജീവന്‍