റോഡരികിലെ പാര്‍ക്കിംഗ്-നാട്ടുകാര്‍ക്ക് ദുരിതം-കോളേജ് അധികൃതര്‍ക്ക് നെവര്‍ മൈന്റ്

തളിപ്പറമ്പ്: റോഡരികിലെ ഇരുചക്രവാഹന പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.

കരിമ്പം ഭാഗത്തുനിന്നും സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന്-മുയ്യം പ്രദേശത്തേക്ക് പോകുന്ന റോഡില്‍ സര്‍സയ്യിദ് കോളേജിന് മുന്നിലാണ് ഇരുചക്രവാഹനങ്ങളുടെ വേലികെട്ടിയപോലുള്ള പാര്‍ക്കിംഗ്.

റോഡിന് വളവുള്ള ഈ ഭാഗത്ത് വലിയതോതിലുള്ള വാഹനപാര്‍ക്കിംഗ് കാരണം മറ്റ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

പ്രത്യേകിച്ച് കാല്‍നടയാത്രക്കാര്‍ക്ക് വാഹനംവന്നാല്‍ ഒതുങ്ങിനില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല.

സര്‍സയ്യിദ് കോളേജിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തുന്ന വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളാണ് റോഡരികില്‍ ഇങ്ങനെ പാര്‍ക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

വിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള കാമ്പസിനകത്ത് വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്ക് കോളേജ് അധികൃതര്‍ പ്രവേശനം നിഷേധിക്കുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.

അപകടകരമായ രീതിയിലുള്ള ഈ വാഹനപാര്‍ക്കിംഗ് അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ല.