ഇമ്രാന്‍ഖാന്‍ പുറത്തായി-പാക്കിസ്ഥാനില്‍ അനിശ്ച്രിതത്വം

ഇസ്ലാമാബാദ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്.

ദേശീയസഭയില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്.

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്.

വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്. ഭരണപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇമ്രാന്‍ ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് വിലക്കി. വിമാനത്താവളങ്ങളില്‍ അതിജാഗ്രത പുറപ്പെടുവിച്ചു.

സ്പീക്കര്‍ അസദ് കൈസറിന്റെ സഹായത്തോടെ അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു ശനിയാഴ്ച രാവിലെമുതല്‍ ഇമ്രാന്‍ പയറ്റിയ തന്ത്രം.

സഭ പലതവണ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന് പ്രതിപക്ഷത്തിന് ആവര്‍ത്തിച്ച് ആവശ്യപ്പെടേണ്ടിവന്നു.

കോടതിയലക്ഷ്യം നടത്തുന്ന ഇമ്രാനെയും സ്പീക്കര്‍ അസദ് കൈസറിനെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, അവസാനനിമിഷംവരെ പോരാടുമെന്നും പാകിസ്താന്റെ താത്പര്യങ്ങ വിദേശശക്തികള്‍ക്ക് അടിയറവെക്കില്ലെന്നും ഇമ്രാന്‍

ഖാന്‍ പ്രതികരിച്ചു. നോമ്പുതുറയ്ക്കുശേഷം രാത്രി ഒമ്പതരയോടെയാണ് സഭ വീണ്ടും സമ്മേളിച്ചത്.