ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍-(ഐ.ജെ.യു): വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകന്‍ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനായ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലി (പഞ്ചാബ്)യെയും സെക്രട്ടറി ജനറലായി എസ്. സബാനായകനെ (പശ്ചിമ ബംഗാള്‍)യും ഐക്യകണ്ഠന തിരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കോഹ്‌ലി ചണ്ഡീഗഡ് പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമാണ്.

സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട എസ്. സബാനായകന്‍ ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തക യൂണിയനായ പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ (ഐ.ജെ.എ) പ്രസിഡന്റാണ്.

കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അനില്‍ ബിശ്വാസ് വിനോദ് കോഹ്ലിക്ക് വേണ്ടിയും ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ എസ്.സബാനായകന് വേണ്ടിയും പത്രിക നല്‍കിയിരുന്നു.

സെന്‍ട്രല്‍ റിട്ടേണിംഗ് ഓഫീസര്‍ ഹബീബ് ഖാന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

മറ്റ് ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ദേശീയ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.

വിനോദ് കോഹ്‌ലി 48 വര്‍ഷമായി മാദ്ധ്യമ പ്രവര്‍ത്തകനാണ്. സൈക്കോളജിയിലും ജേര്‍ണലിസത്തിലും ബിരുദധാരിയാണ്.

ചണ്ഡീഗഡ് പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

ദി ട്രിബ്യൂണ്‍ ജേര്‍ണലിസ്റ്റ്‌സ് ഗില്‍ഡിന്റെ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ചണ്ഡീഗഡ് പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റിന്റെ പ്രസിഡന്റുമാണ്.

ഐ.ജെ.യു വൈസ് പ്രസിഡന്റായിരുന്നു. 2001 മുതല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗമാണ്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം, പെയ്ഡ് ന്യൂസ് പരിശോന കമ്മിറ്റി, കേന്ദ്ര പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ക്കായുള്ള മജിതിയ വേജ് ബോര്‍ഡ് കമ്മിറ്റി കണ്‍വീനറായിരുന്നു.

1980ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കൊല്‍ക്കത്ത ബ്യൂറോയില്‍ ചേര്‍ന്നതിന് ശേഷം സബാനായകന്‍ 32 വര്‍ഷമായി പത്രപ്രവര്‍ത്തകനാണ്.

ദ ടെലിഗ്രാഫ്, ദ ഹിന്ദു, അസം ട്രിബ്യൂണ്‍ ഗ്രൂപ്പ്, ഈസ്‌റ്റേണ്‍ ക്രോണിക്കിള്‍ എന്നിവയിലും പ്രവര്‍ത്തിച്ചു.

വര്‍ഷങ്ങളായി ഐ.ജെ.യു ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നത്.