ആസാദി കാ അമൃത് മഹോത്സവ’ത്തിലെ സമാനതകളില്ലാത്ത അമൃതമാണു വിക്രാന്ത്.-പ്രധാനമന്ത്രി നരേന്ദ്രമോദി.

 

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷന്‍ ചെയ്തു.

കോളനിവാഴ്ചയുടെ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാന്‍) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ഇവിടെ, ഇന്ത്യയുടെ കേരള തീരത്ത്, ഓരോ ഇന്ത്യക്കാരനും ഒരു പുതിയ ഭാവിയുടെ ഉദയത്തിനു സാക്ഷ്യംവഹിക്കുന്നുവെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു.

ഐഎന്‍എസ് വിക്രാന്തില്‍ നടക്കുന്ന ഈ പരിപാടി ലോകചക്രവാളത്തില്‍ ഉദിച്ചുയരുന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനുള്ള ആദരമാണ്. സ്വാതന്ത്ര്യസമരസേനാനികള്‍ കഴിവുറ്റതും കരുത്തുറ്റതുമായ ഇന്ത്യയ്ക്കായി കണ്ട സ്വപ്നത്തിന്റെ പ്രകടനമാണ് ഇന്നു നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വിക്രാന്ത് ബൃഹത്തായതും വിശാലവുമാണ്. വിക്രാന്ത്വൈശിഷ്ട്യമാര്‍ന്നതാണ്. വിക്രാന്ത് സവിശേഷതയാര്‍ന്നതാണ്. വിക്രാന്ത് വെറുമൊരു യുദ്ധക്കപ്പലല്ല. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിത്.

ലക്ഷ്യങ്ങള്‍ വിദൂരമാണെങ്കില്‍, യാത്രകള്‍ ദൈര്‍ഘ്യമേറിയതാണെങ്കില്‍, സമുദ്രവും വെല്ലുവിളികളും അനന്തമാണ് അതിനുള്ള ഇന്ത്യയുടെ ഉത്തരമാണു വിക്രാന്ത്. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിലെ സമാനതകളില്ലാത്ത അമൃതമാണു വിക്രാന്ത്.

ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിന്റെ അതുല്യമായ പ്രതിഫലനമാണ് വിക്രാന്ത്.’ പ്രധാനമന്ത്രി പറഞ്ഞു.
ഒരു വെല്ലുവിളിയും ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസകരമല്ലെന്നു രാജ്യത്തിന്റെ പുതിയ മനോഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശീയ സാങ്കേതികവിദ്യയോടെ ഇത്രയും വലിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്ന ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഇന്ത്യയും അംഗമായെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഐഎന്‍എസ് വിക്രാന്ത് രാജ്യത്ത് പുതിയ ആത്മവിശ്വാസം നിറച്ചു. രാജ്യത്ത് പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചു’. നാവികസേന, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ എന്‍ജിനിയര്‍മാര്‍, ശാസ്ത്രജ്ഞര്‍, പദ്ധതിയുടെ ഭാഗമായ തൊഴിലാളികള്‍ എന്നിവരുടെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു.

ഓണത്തിന്റെ ആഹ്ലാദകരവും ഐശ്വര്യപൂര്‍ണവുമായ അവസരവും ഈ വേളയില്‍ കൂടുതല്‍ സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍എസ് വിക്രാന്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്; കരുത്തുണ്ട്. അതിന്റേതായ വികസനയാത്രയുണ്ട്. ഇതു തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും തദ്ദേശീയ കഴിവുകളുടെയും പ്രതീകമാണ്.

അതിന്റെ എയര്‍ബേസില്‍ സ്ഥാപിച്ചിരിക്കുന്ന ഉരുക്കും തദ്ദേശീയമാണ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചതാണത് അദ്ദേഹം പറഞ്ഞു.

കപ്പലിന്റെ ബൃഹത്തായ അനുപാതത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ഒഴുകുന്ന നഗരം പോലെയാണെന്നു വിശേഷിപ്പിച്ചു.

5000 വീടുകള്‍ക്കാവശ്യമായ വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഉപയോഗിച്ചിരിക്കുന്ന വയറുകളുടെ നീളം കൊച്ചിയില്‍നിന്നു കാശിയിലെത്തുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍നിന്നു താന്‍ പ്രഖ്യാപിച്ച പഞ്ചപ്രാണങ്ങളുടെ സത്തയുടെ ജീവസ്സുറ്റ പ്രതീകമാണ് ഐഎന്‍എസ് വിക്രാന്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തെക്കുറിച്ചും നാവികശേഷിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഛത്രപതി വീര ശിവാജി മഹാരാജ്, ഈ കടലിന്റെ കരുത്തിന്റെ ബലത്തില്‍ ഇത്തരമൊരു നാവികസേനയ്ക്കു രൂപംനല്‍കി.

അതു ശത്രുക്കളെ വരച്ചവരയില്‍ നിര്‍ത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ ഇന്ത്യന്‍ കപ്പലുകളുടെ ശക്തിയില്‍ ഭയചകിതരാവുകയും അതിലൂടെ വ്യാപാരം നടത്തുകയും ചെയ്തു.

ഇതെത്തുടര്‍ന്ന് ഇന്ത്യയുടെ നാവികശക്തിയുടെ നട്ടെല്ലു തകര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അക്കാലത്തു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്ന് ഇന്ത്യന്‍ കപ്പലുകള്‍ക്കും വ്യാപാരികള്‍ക്കും എത്രമാത്രം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്നതിനു ചരിത്രം സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2022 സെപ്തംബര്‍ 2 എന്ന ഈ ചരിത്രദിനത്തില്‍, അടിമത്തത്തിന്റെ ഒരംശം ഇന്ത്യ നീക്കംചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നാവികസേനയ്ക്ക് ഇന്നു പുതിയ പതാക ലഭിച്ചു.

ഇതുവരെ ഇന്ത്യന്‍ നാവികസേനയുടെ പതാകയില്‍ അടിമത്തത്തിന്റെ സ്വത്വം നിലനിന്നിരുന്നു. എന്നാല്‍ ഇന്നുമുതല്‍ ഛത്രപതി ശിവാജിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നാവികസേനയുടെ പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും.

നമ്മുടെ സമുദ്രമേഖലയെ സംരക്ഷിക്കാന്‍ വിക്രാന്ത് ഇറങ്ങുമ്പോള്‍ നാവികസേനയിലെ നിരവധി വനിതാ സൈനികരും അതില്‍ നിലയുറപ്പിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സമുദ്രത്തിന്റെ അളവില്ലാത്ത കരുത്തിനൊപ്പം അതിരുകളില്ലാത്ത സ്ത്രീ ശക്തി നവഭാരതത്തിന്റെ പ്രൗഢമായ സ്വത്വമായി മാറുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ശാഖകളും സ്ത്രീകള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചു.

നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നീക്കുന്നത്. കരുത്തുള്ള തിരമാലകള്‍ക്ക് അതിരുകളില്ലാത്തതുപോലെ, ഇന്ത്യയുടെ പുത്രിമാര്‍ക്കും അതിരുകളോ നിയന്ത്രണങ്ങളോ ഉണ്ടാകില്ല.

 

ഓരോ തുള്ളികള്‍ ചേര്‍ന്ന് വലിയ സമുദ്രം രൂപംകൊള്ളുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തില്‍ തദ്ദേശീയമായി നിര്‍മിച്ച പീരങ്കി കൊണ്ടുള്ള സല്യൂട്ടിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

അതുപോലെ, ഇന്ത്യയിലെ ഓരോ പൗരനും ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന തത്വത്തില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍, രാജ്യം സ്വയംപര്യാപ്തമാകാന്‍ അധികനാള്‍ വേണ്ടിവരില്ല.

മാറിക്കൊണ്ടിരിക്കുന്ന ഭൗമനയസാഹചര്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, മുന്‍കാലങ്ങളില്‍, ഇന്തോപസഫിക് മേഖലയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും സുരക്ഷാ ആശങ്കകള്‍ വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്നുവെന്നു ചൂണ്ടിക്കാട്ടി.

പക്ഷേ, ഇന്ന് ഈ പ്രദേശം നമുക്കു രാജ്യത്തിന്റെ പ്രധാന പ്രതിരോധ മുന്‍ഗണനയാണ്. അതുകൊണ്ടാണു നാവികസേനയുടെ ബജറ്റ് വര്‍ധിപ്പിക്കുന്നതുമുതല്‍ ശേഷിവര്‍ധിപ്പിക്കുന്നതുവരെ എല്ലാ ദിശകളിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹം പറഞ്ഞു.

കരുത്തുറ്റ ഇന്ത്യ സമാധാനപരവും സുരക്ഷിതവുമായ ലോകത്തിനു വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സര്‍ബാനന്ദ സോനോവാള്‍, അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.