ഇറാനിലേയും ഇസ്രയേലിലെയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; കരമാര്‍ഗം അതിര്‍ത്തി കടത്താന്‍ നീക്കം
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ( iran israel conflict ) രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു.
ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.
ടെഹ്‌റാന്‍ നഗരത്തില്‍ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ വന്‍ വ്യോമാക്രമണമാണ് ഇസ്രയേല്‍ ഇറാനു നേരെ നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്.
ആക്രമണത്തിനു പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു.
