31 വര്‍ഷത്തെ സേവനം 31 ന് അവസാനിപ്പിച്ച് ഐസക് ഈപ്പന്‍ വിരമിക്കുന്നു.

കൊച്ചി: സര്‍ക്കാര്‍ മാധ്യമ രംഗത്തെ 31 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഐസക്ക് ഈപ്പന്‍ ഈ മാസം 31 ന് വിരമിക്കുന്നു.

1991 ല്‍ ഡല്‍ഹി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ അവസാനിക്കുന്നു.

പബ്ലിസിറ്റി ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍, മീഡിയാ ഓര്‍ഗനൈസര്‍, എഡിറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. പ്രഗത്ഭരായ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം യാത്ര ചെയ്യാനും അവര്‍ക്കു വേണ്ട മാധ്യമ സഹായങ്ങള്‍ ചെയ്യാനും കഴിഞ്ഞു.

അവരില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി മുതല്‍ ഈ മാസം കോഴിക്കോട് എത്തിയ വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ടാക്കൂറിന്റെ മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നത് വരെ എത്തി നില്‍ക്കുന്നു.

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനടിയിലും സാഹിത്യത്തെയും എഴുത്തിനെയും ഒപ്പം ചേര്‍ത്ത് പിടിക്കാനായത് ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ കുറച്ചൊന്നുമല്ല ലഘൂകരിച്ചിട്ടുള്ളതെന്ന് ഐസക്ക് ഈപ്പന്‍ പറയുന്നു.

മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെല്ലാമായി 250 ല്‍ അധികം ചെറുകഥകള്‍, നോവലുകള്‍, നോവലെറ്റുകള്‍, പഠനങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ എഴുതി.

27 പുസ്തകങ്ങള്‍ ഭാരിച്ചകൃത്യനിര്‍വഹണത്തിന്റെ ഈ കഠിന യാത്രക്കിടയിലും പ്രസിദ്ധീകരിച്ചു.

ഇതിനിടയില്‍ അബുദാബി ശക്തി അവാര്‍ഡ്, കൊച്ചുബാവ പുരസ്‌കാരം, തകഴി അവാര്‍ഡ്, പൊന്‍കുന്നം വര്‍ക്കി അവാര്‍ഡ്, എസ്.കെ.പാറ്റെക്കാട്ട് അവാര്‍ഡ് എന്നിവ ഉള്‍പ്പടെ 18 പുരസ്‌കാരങ്ങളും ഐസക്ക് ഈപ്പനെ തേടിയെത്തി.

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ പരിഗണനകള്‍ നല്‍കിയ ഇദ്ദേഹം വിരമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുനല്‍കാന്‍ ഏറെ താല്‍പര്യമെടുത്ത വ്യക്തിയെന്ന നിലയില്‍ അതൊരു നഷ്ടം തന്നെയാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക പത്രലേഖകര്‍ക്കായി നിരവധി ശില്‍പ്പശാലകള്‍ ഒരുക്കിയ വ്യക്തിയെന്ന നിലയിലും ഏറെ പ്രശംസനേടിയിട്ടുണ്ട്.

വിരമിച്ച ശേഷം ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പകുതിയാക്കിവെച്ച നോവലിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് താനെന്ന് ഐസക്ക് ഈപ്പന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.