ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി–സദസ്യര്‍ നിശ്ചലരായി-പെരുഞ്ചെല്ലൂരില്‍ ജെ.എ.ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി-

തളിപ്പറമ്പ്: പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച മണിക്കൂറുകള്‍.

സപ്തസ്വരങ്ങളുടെ രാഗ വിസ്താരങ്ങള്‍ അനുഭവഭേദ്യമായപ്പോള്‍ അമരക്കാരന്റെ താളത്തിനൊപ്പം ഉന്മാദ നടമാടുകയായിരുന്നു പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഏഴാം കച്ചേരി.

ലോകം ആരാധിക്കുന്ന പുല്ലാങ്കുഴലില്‍ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേര്‍സാക്ഷികളായി ഒരിക്കല്‍ കൂടി മാറുകയായിരുന്നു പെരുഞ്ചെല്ലൂര്‍ സംഗീത സഭ.

സംഗീതത്തിലെ മഹാ പ്രതിഭകളുടെ സാന്നിദ്ധ്യവും പ്രകടനവും കൊണ്ട് എന്നും സമ്പന്നമാണ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ ആസ്വാദകരാണ് ഇവിടെ ഓരോ പരിപാടിയും ആസ്വദിക്കാനായി എത്തുന്നത്.

പതിവ് തെറ്റാതെ ഇക്കുറിയും കര്‍ണ്ണാടക സംഗീത രംഗത്തെ പുതു തലമുറയിലെ ഒരുജ്ജ്വല പ്രതിഭ തന്നെയാണ് പെരുഞ്ചെല്ലൂരിന്റെ ഹൃദയം കീഴടക്കാനെത്തിയത്.

കര്‍ണ്ണാടക സംഗീതരംഗം ദര്‍ശിച്ച ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന ടി.ആര്‍. മഹാലിംഗം എന്ന മാലിയുടെ ശിഷ്യപരമ്പരയില്‍പ്പെട്ട വിദ്വാന്‍ ജെ.എ.ജയന്ത് പുല്ലാങ്കുഴലില്‍ തീര്‍ത്ത നാദധാരയില്‍ പെരുഞ്ചെല്ലൂരിലെ സംഗീതാസ്വാദകര്‍ സ്വയം മറന്നു.

ജനപ്രിയ രാഗങ്ങളിലൂടെയും സങ്കീര്‍ണ്ണ രാഗങ്ങളിലൂടെയും സഞ്ചരിച്ച് കൃതികളിലൂടെയും മനോധര്‍മ്മത്തിലൂടെയും ആസ്വാദകരുടെ മനം കവര്‍ന്ന കച്ചേരി സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി.

പ്രശസ്ത വയലിന്‍ വിദ്ധ്വാന്‍ തിരുവനന്തപുരം എന്‍ സമ്പത്ത്, മൃദംഗ വിദ്വാന്‍ പാലക്കാട് കെ.എസ്. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ പക്കമേളം കച്ചേരിയുടെ മാറ്റ് കൂട്ടി.

നാട്ട രാഗത്തിലുള്ള മഹാഗണപതിം എന്ന കൃതിയോടെയാണ് കച്ചേരി ആരംഭിച്ചത്. കല്യാണി രാഗത്തില്‍ ഏതാവുന്നറയും, മദ്ധ്യമാവതിയില്‍ രാഗം താനം പല്ലവിയും അതിഗംഭീരമായി വിസ്തരിച്ചു.

കൂടാതെ കാനഡയില്‍ മാമവ സദാ ജനനി, രവിചന്ദ്രികയില്‍ നിരവധി സുഖദ, കുന്തളവരാളിയില്‍ ഭോഗീന്ദ്ര ശായിനം , നളിനകാന്തിയില്‍ മനവിനാള കിം, രേവതിയില്‍ ഭോ…ശംഭോ, സിന്ധു ഭൈരവിയില്‍ വെങ്കടാചലനിലയം എന്നീ കൃതികളും അവതരിപ്പിച്ചു.

കച്ചേരി അവതരിപ്പിച്ച പ്രതിഭകളെ സഭ അംഗം രാജീവ് ആദരിച്ചു.