മഞ്ഞപ്പറമ്പാകാനൊരുങ്ങി തളിപ്പറമ്പ് നഗരം-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മഞ്ഞപ്പിത്ത വ്യാപനം കൂടി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു.

ദേശീയപാതയോരത്തെ ഒരു പ്രധാന ഹോട്ടലില്‍ നിന്നും തുടങ്ങിയ മഞ്ഞപ്പിത്തവ്യാപനം ഒരാളുടെ മരണത്തില്‍ കലാശിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സന്ദര്‍ശനങ്ങളില്‍ഒതുങ്ങുകയാണ്.

മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം എന്ന് പറയപ്പെടുന്ന ഹോട്ടല്‍ അടച്ചിട്ടിട്ട് ദിവസങ്ങളായിട്ടും ഇതേവരെ ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല.

തട്ടുകടകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നും രോഗം പിടിപെടാന്‍ വളരെ എളുപ്പമാണെങ്കിലും
ഒരു തട്ടുകടകളിലും പരിശോധന നടത്താനോ ഇവയുടെ പ്രവര്‍ത്തനം
താല്‍ക്കാലികമായി തടയാനോ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.

വളരെ ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം പിടിവിട്ട് കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്ന്
ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയന്ത്രണമില്ലാത്ത ഈ പോക്ക് തുടര്‍ന്നാല്‍ തളിപ്പറമ്പ് മഞ്ഞപ്പറമ്പായി മാറുന്ന കാലം വിദൂരമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.