ഇവര്‍ക്ക് എന്ത് ജനാധിപത്യം-നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ഫലകം നശിപ്പിച്ചു.
തളിപ്പറമ്പ്: പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നശിപ്പിച്ചു.
കൊയ്യം ജനാര്‍ദ്ദനന്‍, ജോഷി കണ്ടത്തില്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി പ്രവര്‍ത്തിക്കവെയാണ് ഈ ജനാധിപത്യവധം.
കേരളത്തില്‍ ഈ ഫലകം അവശേഷിക്കുന്ന ഏക ബ്ലോക്ക് കാര്യാലയം തളിപ്പറമ്പിലാണ്.
കരിമ്പത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്ക് ഓഫീസ് വളപ്പില്‍ അവഗണനയുടെ സ്മാകരമായി മാറിയ ഫലകം നിരന്തരമായുള്ള അഭ്യര്‍ത്ഥനയും പരാതികളും പരിഗണിച്ച് 2020 ലാണ് പുതുക്കിയത്.
50 വര്‍ഷം മുമ്പാണ് തളിപ്പറമ്പ് ബ്ലോക്കില്‍ ഇത് സ്ഥാപിക്കപ്പെട്ടത്.
1971 ല്‍ ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴാണ് അന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ
ചുമതല കൂടി ഉണ്ടായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ മുന്‍കൈയെടുത്ത് ഇന്ത്യയിലെ എല്ലാ എന്‍ ഇ എസ് ബ്ലോക്കുകളിലും ജനാധിപത്യ ഫലകം സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വിവിധ ഭാഷകളില്‍ നെഹ്‌റുവിന്റെ ഈ സന്ദേശം പതിച്ച ഫലകം ഇന്ത്യയിലെ എല്ലാ ബ്ലോക്കുകളിലും നിര്‍മ്മിച്ചു.
ഒരേ ദിവസം തന്നെയായിരുന്നു എല്ലാ സ്ഥലങ്ങളിലും ഫലകം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അന്നു റവന്യുവകുപ്പിന്റെ അധീനതയിലായിരുന്ന ബ്ലോക്ക് ഓഫീസ് വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നുണ്ടായിരുന്നു.
അച്യുതമേനോന്‍ മന്ത്രിസഭയിലെ അന്നത്തെ റവന്യുമന്ത്രി ബേബി ജോണിന്റെ അടിയന്തിര ഉത്തരവ് പ്രകാരമാണ് എല്ലാ ബ്ലോക്ക് ഓഫീസുകളിലും പൊതുജനശ്രദ്ധ പതിയുന്ന സ്ഥലത്ത് തന്നെ ഫലകം സ്ഥാപിച്ചത്.
എന്നാല്‍ സംരക്ഷണം ഇല്ലാത്തതുകാരണം ജില്ലയിലെ മറ്റ് എല്ലാ ബ്ലോക്കുകളിലും ഫലകം നശിച്ചു. അവശേഷിക്കുന്ന ഏക ഫലകം തളിപ്പറമ്പ് ബ്ലോക്കിലാണെങ്കിലും അതും നശിപ്പിച്ചു.
‘ ജനാധിപത്യം എന്നാല്‍ സഹിഷ്ണുതയാണ്, അത് നമ്മോട് യോജിക്കുന്നവരോടുള്ള സഹിഷ്ണുത മാത്രമല്ല; നമ്മോട് വിയോജിക്കുന്നവരെ സംബന്ധിച്ചുള്ള സഹിഷ്ണുത കൂടിയാണ്–എന്ന നെഹ്‌റുവിന്റെ സന്ദേശമാണ് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ജനാധിപത്യ ഫലകം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
നെഹ്റുവിന്റെ വാക്കുകള്‍ ആലേഖനം ചെയ്ത ഫലകം പിഴുതുമാറ്റിയിട്ടും ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതികരിച്ചില്ല.
രണ്ട് ലീഗ് പ്രതിനിധികളും നാല് കോണ്‍ഗ്രസുകാരുമാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായുള്ളത്.