വന്യജീവി ആക്രമണം; വനംവകുപ്പിന്റെ അധികാരങ്ങള്‍ പോലീസിനും നല്‍കണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലുമെന്ന ഭീതിയിലാണ് കണ്ണൂര്‍ ജില്ലയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലകളിലെ ജനങ്ങള്‍ കഴിയുന്നതെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണം ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ വനപാലകര്‍ നിസ്സഹായരാണ്.

ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള യാതൊരുവിധ ആധുനിക സംവിധാനവും വനംവകുപ്പിനില്ല.

നാട്ടിലിറങ്ങുന്ന വന്യമൃഗത്തെ കാടുകയറ്റുന്നതില്‍ വലിയ കാലതാമസമാണ് നടപടിക്രമങ്ങളുടെ കാര്യത്തില്‍ വനംവകുപ്പ് വരുത്തുന്നത്.

കണ്ണൂര്‍ പാനൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയുടെ കാര്യത്തില്‍ മണിക്കൂറുകളുടെ കാലതാമസമാണ് വനംവകുപ്പ് വരുത്തിയത്.

വന്യജീവി ആക്രമണം ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ അധികാരങ്ങള്‍ പോലീസിനും നല്‍കണം.

വാഹന സംബന്ധമായ വിഷയങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അധികാരങ്ങള്‍ പോലീസിന് നല്‍കിയത് ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണെന്നും ജോയി കൊന്ന്ക്കല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.