വിവാഹമംഗളാശംസകളുടെ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് 54 വര്‍ഷം.
വധൂവരന്‍മാരെ പ്രിയ വധൂവരന്‍മാരെ വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ–എന്ന ഗാനം ഓര്‍ക്കാത്ത മലയാളികള്‍ കുറവാണ്.
1969 ആഗസ്ത്-26 ന് 54 വര്‍ഷം മുമ്പ് റിലീസായ സിനിമയായ ജ്വാലയിലെ പാട്ടാണിത്.
ഉദയായുടെ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോ നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ചിത്രം.
കാനം ഇ.ജെ. പൗലോസ് കഥ, തിരക്കഥ രചിച്ച സിനിമക്ക് സംഭാഷണമെഴുതിയത് എസ്.എല്‍.പുരം സദാനന്ദന്‍.
പി.ദത്തുവാണ് ക്യാമറാമാന്‍, എഡിറ്റര്‍ എസ്.പി.എന്‍.കൃഷ്ണന്‍.
കലാസംവിധായകന്‍ മിരാന്‍ഡ, പരസ്യം എസ്.എ.നായര്‍.
എക്‌സല്‍ പ്രൊഡക്ഷന്‍സാണ് വിതരണം.
പ്രേംനസീര്‍, ശാരദ, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അടൂര്‍ ഭാസി, എന്‍.ഗോവിന്ദന്‍കുട്ടി, എസ്.പി.പിള്ള, മണവാളന്‍ ജോസഫ്, കടുവാക്കുളം ആന്റണി, ആറന്മുള പൊന്നമ്മ, അടൂര്‍ പങ്കജം, പങ്കജവല്ലി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
കുടുംബപശ്ചാത്തലത്തിലുള്ള ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയാണ് ജ്വാല.
കഥാസംഗ്രഹം-
അയല്‍ക്കാരും അടുത്ത സുഹൃത്തുക്കളുമാണ് സരസ്വതിയമ്മയും(ആറന്‍മുള പൊന്നമ്മ) ഭവാനിയും(അടൂര്‍ പങ്കജം). സരസ്വതിയമ്മയുടെ ഏക പുത്രന്‍ രവിയും(പ്രേംനസീര്‍) ഭവാനിയമ്മയുടെ ഏക മകള്‍ രാജമ്മയും(ഷീല) തമ്മില്‍ അടുപ്പത്തിലാണ്. ഇവരുടെ വിവാഹം അമ്മമാര്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. മക്കള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ കല്യാണത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചു. പക്ഷെ വിവാഹത്തിന്റെ തലേ ദിവസമാണ് സരസ്വതിയമ്മയുടെ ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യതകള്‍ കാരണം വീട് ജപ്തിചെയ്തത്. ഇതോടെ ഭവാനിയമ്മ വിവാഹത്തില്‍ നിന്ന് പിന്‍മാറി. രാജമ്മയുടെ എതിര്‍പ്പും, സരസ്വതിയമ്മയുടെ കേണപേക്ഷകളും അവരുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല.
അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്‌നത്തില്‍ വിട്ടുവീഴ്ച്ചക്കു തയ്യാറില്ലായിരുന്ന സരസ്വതിയമ്മയും സഹോദരന്‍ നീലകണ്ഠപ്പിള്ളയും ഒരു പോംവഴി കണ്ടുപിടിച്ചു. തന്റെ മകള്‍ കുഞ്ഞോമനയെ രവിയെക്കൊണ്ടു് നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തത്തില്‍ വിവാഹം ചെയ്യിക്കുവാന്‍ തീരുമാനിച്ചു. അച്ഛനമ്മമാരുടെ ധര്‍മ്മസങ്കടവും അഭ്യര്‍ത്ഥനയും കുഞ്ഞോമനയെയും രവിയെയും ഒന്നിപ്പിച്ചു. നേരത്തെ തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തത്തില്‍ അവരുടെ വിവാഹം നടന്നു. കാലങ്ങള്‍ പലതുകടന്നുപോയി. സരസ്വതിയമ്മ മരണപ്പെട്ടു.
രവിയെക്കുറിച്ചുള്ള മധുരസ്മരണകളുമായി കഴിഞ്ഞ രാജമ്മയ്ക്കുവന്ന പല വിവാഹാലോചനകളും അവള്‍ നിരസിച്ചു. രാജമ്മയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ മുന്നില്‍ ഭവാനിയമ്മ അടിയറവു പറഞ്ഞു. മകളുടെ ഭാവി നശിപ്പിച്ചത് താനാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു.
ഹൈക്കോടതിയില്‍ കൊടുത്ത അപ്പീലിന്റെ വിധിയനുസരിച്ച് രവി്ക്കു തന്റെ നഷ്ടപ്പെട്ട വീടും പറമ്പും തിരികെ കിട്ടി. ഭവാനിയമ്മ വീണ്ടും രവിയും കുഞ്ഞോമനയുമായി അടുത്തു. പഴയ വിരോധമെല്ലാം മാറി വീണ്ടും ആ കുടുംബവുമായി സ്‌നേഹത്തിലായി.
കുഞ്ഞോമന ഗര്‍ഭിണിയായി. അവള്‍ പ്രസവിച്ച കുഞ്ഞിനു് ഗുരുവായൂര്‍ വെച്ച് ചോറുകൊടുക്കുവാന്‍ രവിയും കുഞ്ഞോമനയും കൂടി തീരുമാനിച്ചു. കൂട്ടിനായി അവര്‍ ഭവാനിയമ്മയെക്കൂടി കൂട്ടത്തില്‍ കൊണ്ടുപോയി. ആ യാത്രയില്‍ കുഞ്ഞോമന ഒരപകടത്തില്‍പ്പെട്ടു മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു ദഹിപ്പിച്ചു. കാലം വീണ്ടും കടന്നു പോയി. രവിയുടെ കുഞ്ഞിന്റെ സംരക്ഷണം രാജമ്മ ഏറ്റെടുത്തു. രവിയും രാജമ്മയുമായി അങ്ങനെ വീണ്ടും അടുത്തു. ആ അടുപ്പം അവരെ വിവാഹത്തിലെത്തിച്ചു.
വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ത്തന്നെ മരിച്ചുപോയ കുഞ്ഞോമന കടന്നുവന്നു.എല്ലാവരും ഭയചകിതരായി. ഭയന്നുവിറച്ച ഭവാനിയമ്മ രഹസ്യമായി ഒരു ജോത്സ്യനെ വരുത്തി പ്രശ്‌നം വെപ്പിച്ചു. കുഞ്ഞോമനയുടെ പ്രേതം അവളുടെ കുഞ്ഞിനെ കാണാനാണു വരുന്നതെന്ന് അയാള്‍ പറഞ്ഞു. കുഞ്ഞിനെ വധിക്കുവാനും അങ്ങനെ പ്രേതത്തിന്റെ ഉപദ്രവത്തില്‍നിന്നും രക്ഷപെടുവാനുമായി ഭവാനിയമ്മ ഒരാളെ ഏര്‍പ്പാടാക്കി. പക്ഷെ അയാളെയും കുഞ്ഞിനേയും പിന്നെ കണ്ടില്ല.
കുഞ്ഞോമനയുടെ പ്രേതം വീണ്ടും നിര്‍ബാധം കടന്നുവന്നുകൊണ്ടിരുന്നു. കുഞ്ഞിനെ കാണാതായ രവി പരിഭ്രാന്തനായി. അയാള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളാണ് കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.
അവസാനം പ്രേതമെന്ന് കരുതിയത് കുഞ്ഞോമനയല്ലെന്നും കുഞ്ഞോമനയുടെ മരണത്തില്‍ സംശയാലുവായിരുന്ന നീലകണ്ഠപ്പിള്ള അവളുടെ രൂപവും ഭാവവും ഉള്ള തന്റെ ഇളയ മകളെത്തന്നെയാണ് പ്രേതമെന്ന നിലയ്ക്കു് അവതരിപ്പിച്ചതെന്നും, ഗുരുവായൂര്‍ക്കുള്ള യാത്രക്കിടയില്‍ വിശ്രമിക്കാനായി കാറില്‍ നിന്നും ഇറങ്ങിയ കുഞ്ഞോമനയെ രവിയുടെ ശ്രദ്ധയില്‍പ്പെടാതെ കുന്നിന്‍ചെരുവില്‍നിന്നും താഴോട്ടു തള്ളിയിട്ടു് ഭവാനിയമ്മ കൊലപ്പെടുത്തുകയായിരുന്നുവെന്നും, ഭവാനിയമ്മ കൊല്ലുവാന്‍ കൊടുത്തയച്ച കുട്ടി സുഖമായിരിക്കുന്നുവെന്നും ഉള്ള സത്യാവസ്ഥ വെളിച്ചത്താകുകയും ഭവാനിയമ്മ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നതോടെ ജ്വാല അവസാനിക്കുന്നു.
ഗാനങ്ങള്‍(രചന-വയലാര്‍-സംഗീതം-ദേവരാജന്‍)
1-ജ്വാല ഞാനൊരു ജ്വാല-പി.സുശീല.
2-കുടമുല്ലപ്പൂവിനും മലയാളിപെണ്ണിനും-യേശുദാസ്, ബി.വസന്ത.
3-താരകപ്പൂവനമറിയില്ല-യേശുദാസ്, സുശീല.
4-വധൂവരന്‍മാരെ പ്രിയവധൂവരന്‍മാരെ-പി.സുശീല, ബി.വസന്ത.