ദേവഭൂമിയിലെ സോമയാഗം-കൂശ്മാണ്ഡി ഹോമം മാര്‍ച്ച് 31 ന് തുടങ്ങും.
പരിയാരം: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകള്‍ ആരംഭിച്ചു.
യജമാനനും പത്‌നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിതവ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്.
യാഗത്തിന്റെ മുന്നൊരുക്കത്തില്‍ അതിപ്രധാനമായ അഗ്‌ന്യാധനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ്മാണ്ഡി ഹോമം മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളിലായി യാഗത്തിന്റെ യജമാനന്‍ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഗൃഹത്തില്‍ നടക്കും.
യജമാനനും പത്‌നിക്കും സമഷ്ടിക്കും അറിഞ്ഞോ അറിയാതേയോ വന്നു ചേര്‍ന്ന തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്നത്.
യജുര്‍വേദത്തില്‍ കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങള്‍ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ചടങ്ങുകള്‍.
കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോച്ചാരണത്തിനൊഴികെയുള്ള സമയങ്ങളില്‍ യജമാനനും പന്തിയും മൗനവ്രതത്തിലായിരിക്കും.
വിശ്രമം വെറും നിലത്ത്. ഭക്ഷണം പാലും പഴങ്ങളും മാത്രം. യാഗത്തിന് ഒരുങ്ങി അഗ്‌ന്യാധാനം ചെയ്യുന്ന വ്യക്തി ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡി വ്രതം അനുഷ്ഠിക്കുന്നത്.
മൂന്ന് ദിവസത്തെ ചടങ്ങുകള്‍ക്ക് ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. നെയ്യും പ്ലാശിന്‍ കുഴയും പ്ലാശിന്‍ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങള്‍.
വസന്ത ഋതുവില്‍ ഉത്തരായണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുവരുന്ന മെയ് 2, 3 തീയതികളിലാണ് സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ അഗ്‌ന്യാധാനം.
