കൈതപ്രം സോമയാഗം-ഏപ്രില്‍ 30 മുതല്‍ മെയ്-5 വരെ-ഒരുലക്ഷത്തിലേറെ പേര് പങ്കാളികളാവും.
കൈതപ്രം(കണ്ണൂര്‍): ലോകനന്മക്കായി നടത്തപ്പെടുത്തുന്ന കൈതപ്രം സോമയാഗം ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോമയാഗംപ്രകൃതിയുടെയും മനുഷ്യന്റെയും സകല ജീവജാലങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് നടത്തുന്ന സോമയാഗത്തിനായി ദൈവഭൂമിയായ കൈതപ്രം ഒരുങ്ങി.
മൂന്ന് ക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ ഇടവേളകളില്ലാതെ ആറു ദിവസം തുടര്‍ച്ചയായി നടക്കുന്ന യാഗചടങ്ങുകള്ക്ക് മുപ്പതോളം വേദപണ്ഡിതരായ ഋതിക്കുകള്‍ നേതൃത്വം നല്‍കും.
കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രം ഡയരക്ടറും വ്യാകരണ വിഭാഗം പ്രൊഫസറുമായ ഡോ. കൊമ്പംകുളം വിഷ്ണുനമ്പൂതിരിയും പത്നി ഡോ.ഉഷ അഗ്നിഹോത്രിയുമാണ് യാഗത്തിന്റെ യജമാനപദമലഹ്കരിക്കുന്നത്.
ചടങ്ങുകള്‍ക്ക് മുന്നോടിയായി. 23 ന് രാവിലെ യജമാനന്റെ വസതിയില്‍ നിന്നും ത്രേതാഗ്നിയെ യാഗശാലയിലേക്ക് ആചാരപൂര്‍വ്വം എത്തിച്ച ശേഷം ഇഷ്ടി എന്ന വിശേഷ ചടങ്ങ് നടക്കും.
വൈകുന്നേരം 3:30 ന് മാതമംഗലം, നീലിയാര്‍ ഭഗവതി ക്ഷേത്രം, കൈതപ്രം വിഷ്ണുപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറനിറക്കല്‍ ഘോഷയാത്ര നടക്കും.
തുടര്‍ന്ന് കലാ-സാംസ്കാരിക വൈജ്ഞാനിക പരിപാടികളുടെ ഉദ്ഘാടനം മുന്‍ രാജ്യസഭാ എം.പി.സുരേഷ് ഗോപി നിര്‍വ്വഹിക്കും.
യാഗസമിതി ചെയര്മാന് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശങ്കര ഭാരതി സ്വാമികള്‍, പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ, എം.ശ്രീധരന് നമ്പൂതിരി എം.നാരായണന് നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
30 ന് രാവിലെ മുതല്‍ യാഗശാലയില്‍ ഇടതടവില്ലാതെ ഋക്-യജുസ്, സാമവേദ മന്ത്രങ്ങള്ക്കിടെ അതിസങ്കീര്‍ണമായ ക്രിയകള്‍ നടക്കും.
അരണി കടഞ്ഞ് അഗ്നിയുണ്ടാക്കല്‍, പ്രവര്‍ഗ്യം തുടങ്ങിയ വിശേഷ ചടങ്ങുകളും ഉണ്ടാകും.
ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആശ്രമങ്ങളില്‍ നിന്നും സന്യാസിമഠങ്ങളില്‍ നിന്നും വരുന്ന സന്യാസി ശ്രേഷ്ഠന്മാര്, രാഷ്ട്രീയ-സാംസ്കാരിക-സിനിമാ-വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍, വിദേശികളടക്കമുള്ള വേദ വിദ്യാര്‍ത്ഥികളും ഗവേഷകരും തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ലക്ഷക്കിനാളുകള്‍ യാഗവേദി സന്ദര്‍ശിക്കും.
ജാതി മത ഭേദമന്യേ മുഴുവനാളുകള്‍ക്കും യാഗ വേദി പ്രദക്ഷിണം ചെയ്ത് നമസ്കരിക്കാനും യാഗ പങ്കാളികളെ കാണാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസേന എത്തുന്ന പതിനായിരക്കണക്കിന് വേദ ബന്ധുക്കള്‍ക്ക് അന്നദാനത്തിനുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി.
എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 9 വരെ സഭാഗൃഹത്തില്‍ ആദ്ധ്യാത്മിക സദസ്സുകളും, പുരാണ പാരായണങ്ങളും കലാവിരുന്നുകളും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കൊമ്പംകുളം വിഷ്ണു അഗ്നിഹോത്രി, എം.നാരായണന് നമ്പൂതിരി, കണ്ണാടി വാസു ദേവന്, എം.ശ്രീധരന് നമ്പൂതിരി, കെ.വി.മധു മാസ്റ്റര്‍, മധു മരങ്ങാട്, എ.കെ.സുബ്രഹ്മണ്യന് നമ്പൂതിരി, ശങ്കരന് കൈതപ്രം എന്നിവര്‍ പങ്കെടുത്തു.