കാക്കാഞ്ചാലില്‍ ഏറ്റുമുട്ടുന്നത് വനിത കൗണ്‍സിലര്‍മാര്‍- വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍,

           കാക്കാഞ്ചാലില്‍ വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍.

എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ അപരമാരെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇത്തവണത്തെ കൗണ്‍സിലര്‍മാരില്‍ രണ്ട് വനിതകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഏക വാര്‍ഡാണ് കാക്കാഞ്ചാല്‍.

2020 ല്‍ ഏഴാംമൈലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.പി.സജീറയും(40) രണ്ട് തവണകളായി കൗണ്‍സിലറായിതുടരുന്ന യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.നബീസബീവിയുമാണ്(50)ഇവിടെ മല്‍സരിക്കുന്നത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെപിയുടെ എം.ദീപയും(45)

സ്വതന്ത്രരായി പി.വി.നസീമയും(41), എ.പി.സജീറയും(34) രംഗത്തുണ്ട്.

പി.വി.നസീമക്ക് ബലൂണും എ.പി.സജീറക്ക് ആന്റിനയുമാണ് ചിഹ്നങ്ങള്‍.

തളിപ്പറമ്പ് നഗരസഭയില്‍ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്ന വാര്‍ഡാണ് കാക്കാഞ്ചാല്‍.

915 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.

കഴിഞ്ഞ 10 വര്‍ഷത്തെ നബീസബീവിയുടെ കൗണ്‍സിലറെന്ന നിലയിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ആശാവഹമായ ഒരുപ്രതികരണമല്ല ലഭിക്കുന്നത്.

ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനെന്ന നിലയില്‍ ഒരു സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല.

കൗണ്‍സിലറെന്ന നിലയില്‍ വിജയമല്ലെങ്കിലും, കാക്കാഞ്ചാലിലെ നിര്‍ണായകമാവുന്ന മുസ്ലിംവോട്ടുകള്‍ യു.ഡി.എഫ് പക്ഷത്തേക്ക് ഉറപ്പിക്കാന്‍ മുസ്ലിംലീഗ് ശക്തമായി ഇവിടെ രംഗത്തുണ്ട് എന്നതാണ് നബീസബീവിക്ക് കരുത്തും പ്രതീക്ഷയുമാവുന്നത്.

നഗരസഭരണം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് പരമാവധി സീറ്റില്‍ വിജയിക്കേണ്ടത് മുസ്ലിംലീഗിന്റെ ആവശ്യമാണ്.

അപരയെ നിര്‍ത്തി സി.പി.എം വോട്ട് ഭിന്നിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ ലീഗ് മെനഞ്ഞതും അതുകൊണ്ടുതന്നെയാണ്.

കോണ്‍ഗ്രസിന് കാക്കാഞ്ചാലില്‍ കാര്യമായ പ്രവര്‍ത്തകരൊന്നുമില്ലെങ്കിലും ആ കുറവ് പരിഹരിക്കാന്‍ നബീസബീവിയെ സ്വന്തം സ്ഥാനാര്‍ത്ഥിയായി കരുതി വിജയിപ്പിച്ചെടുക്കാന്‍ ലീഗ് കാണിക്കുന്ന പ്രയത്‌നം ശ്ലാഘിക്കപ്പെടേണ്ടത് തന്നെയാണ്.

എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയുംശക്തമായ സംഘടന സംവിധാനങ്ങള്‍ ഇവിടെ സജീവമാണ്.

ഇത്തവണ നഗരസഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരമാവധി വാര്‍ഡുകളില്‍ പരാജയപ്പെടുത്തി സീറ്റുകള്‍നേടിയെടുക്കണമെന്ന് അറിയാമെന്നതിനാല്‍ പാര്‍ട്ടി മെഷിനറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏഴാംമൈല്‍ വാര്‍ഡ് കൗണ്‍സിലറെന്ന നിലയില്‍ എം.പി.സജീറയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണ്.

വാര്‍ഡിലെ ഏത് ജനകീയ പ്രശ്‌നങ്ങളും കൗണ്‍സില്‍ യോഗങ്ങളില്‍ അവതരിപ്പിക്കാനും പരിഹാരം കാണാനും സജീറ പ്രത്യേകം മിടുക്ക് കാണിച്ചിട്ടുണ്ട്.

കൗണ്‍സിലറെന്ന നിലയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് നല്ലൊരു പൊതുപ്രവര്‍ത്തകയായി ഉയരാന്‍ സജീറക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത് വിലയിരുത്തി വോട്ട് ചെയ്യപ്പെടുകയാണെങ്കില്‍ എം.പി.സജീറക്ക് അത് നേട്ടമാവേണ്ടതാണ്.

ബി.ജെ.പിക്ക് അടുത്തകാലത്തായി എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തകരും അനുഭാവികളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന എം.ദീപക്ക് കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കും.

ബി.ജെ.പി നേടുന്ന വോട്ടുകള്‍ ആരുടേതാവും എന്നതാണ് പ്രസക്തമായ ചോദ്യം.