തളിപ്പറമ്പ് കുതിപ്പ് തുടങ്ങി, കാക്കാത്തോട് മലയോര ബസ്റ്റാന്റ് ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായി.
കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ ഊര്‍ജ്ജമാക്കിമാറ്റി തളിപ്പറമ്പ് നഗരസഭ മുന്നേറ്റത്തിന്റെ പാതയില്‍.

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കാക്കാത്തോട് മലയോര ബസ്റ്റാന്റിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായി.
ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 9.30 ന് ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി നിര്‍വ്വഹിക്കും.
ആദ്യഘട്ടത്തില്‍ 1350 ചതുരശ്ര മീറ്റര്‍ സ്ഥലം 40 ലക്ഷം മുടക്കി നഗരസഭ ന്റര്‍ലോക്ക് ചെയ്തിരുന്നു.
ഇപ്പോള്‍ 98 ലക്ഷം രൂപ ചെലവഴിച്ചാണ് 3200 ചതുരശ്ര മീറ്റര്‍ പൂര്‍ണമായും പ്രവൃത്തിനടത്തിയത്.
25 വര്‍ഷം മുമ്പ് മുതല്‍ തുടങ്ങിയ ആശയമാണ് കാക്കത്തോട് മലയോര ബസ്സ്റ്റാന്‍ഡ് എന്നതിനാല്‍ പുതിയ നഗരസഭാ കൗണ്‍സിലിന്റെ അഭിമാന പദ്ധതിയായി കണ്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതെന്ന് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.
നഗരസഭയിലെ വിവിധ റോഡുകളുടെ ടാറിങ്ങും നവീകരണവും ഇതിനകം പൂര്‍ത്തീകരിക്കുകയും സ്ഥിരമായി പൊട്ടിപ്പൊളിയുന്ന കോര്‍ട്ട് റോഡ് മെക്കാഡം ടാറിങ്ങും ഇന്റര്‍ലോക്കും ഉള്‍പ്പെടെ
ചെയ്യാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ്നിസാറിന്റെ നിശ്ചയദാര്‍ഡ്യത്തിനുള്ള ഏറ്റവും വലിയ തെളിവാണ് കാക്കാത്തോട് ബസ്റ്റാന്റിന്റെ നവീകരണം.
തളിപ്പറമ്പില്‍ അഞ്ച് കൗണ്‍സിലുകള്‍ വന്നുപോയിട്ടും ആര്‍ക്കും കാക്കാത്തോട് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
വളര്‍ന്നുവരുന്ന മലയോരപട്ടണമായ തളിപ്പറമ്പിലെ നിലവിലുള്ള ബസ്റ്റാന്റില്‍ സൗകര്യക്കുറവായതിനാല് ദീര്‍ഘദൂര ബസുകള്‍ ഇപ്പോള്‍ ദേശീയപാതയിലാണ് പാര്‍ക്ക് ചെയ്യുന്നത്.
നിലവിലുള്ള ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതല്‍ തന്നെ കാക്കാത്തോട് മലയോര ബസ്റ്റാന്റിനെക്കുറിച്ചുള്ള
ചര്‍ച്ചകളും സജീവമായിരുന്നു.
ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠാപുരം, കുടിയാന്മല എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളുടെ പാര്‍ക്കിങ്ങ് സൗകര്യം ഇവിടെയായിരിക്കും ഒരുക്കുക.
ഇനി ഷോപ്പിംഗ് കോംപ്ലക്സും ശുചിമുറി സംവിധാനങ്ങളും യാത്രക്കാര്‍ക്കുള്ള വിശ്രമസംവിധാനങ്ങളും ഒരുക്കി എത്രയും
വേഗത്തില്‍ മലയോര ബസ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മുര്‍ഷിദ കൊങ്ങായിയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍.
