ഡോ. കലാമണ്ഡലം ലത ഇടവലത്ത് കേരള കലാമണ്ഡലം ഭരണ സമിതിയില്‍
പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ പ്രിന്‍സിപ്പാളും പ്രശസ്ത നര്‍ത്തകിയുമായ ഡോ.കലാമണ്ഡലം ലത ഇടവലത്ത് കല്‍പ്പിത സര്‍വ്വകലാശാലയായ കേരള കലാമണ്ഡലത്തിന്റെ എക്‌സിക്യുട്ടിവ് ബോര്‍ഡിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബീഡി തൊഴിലാളിയായിരുന്ന പയ്യന്നൂരിലെ പരേതനായ എ.യു.രാഘവപൊതുവാളുടെയും ഖാദി തൊഴിലാളിയായ ഇടവലത്ത് സരോജിനിയുടെയും മകളാണ്.
1992-ല്‍ കേരള കലാമണ്ഡലത്തില്‍ നിന്നും നൃത്തത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായി ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ദിര കലാ സംഗീത സര്‍വ്വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. ദൂരദര്‍ശന്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.
കേരള കലാമണ്ഡലത്തില്‍ നിന്നും ഡോ.കെ.എന്‍.പിഷാരടി മെഡല്‍, ഐ.കെ.എസ് യൂണിവേഴ്‌സിറ്റിയുടെ സുനന്ദാ ചക്രവര്‍ത്തി അവാര്‍ഡ്, കേരള ക്ഷേത്ര കലാ അക്കാദമിയുടെ മോഹിനിയാട്ടത്തിനുള്ള അവാര്‍ഡ്, അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നും നാട്യാചാര്യ ശിരോമണി പുരസ്‌ക്കാരം മുതലായ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ശാസ്ത്രീയ നൃത്തത്തിന്റെ നിയമപരിധികള്‍ ലംഘിക്കാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി നൃത്താവിഷ്‌ക്കാരങ്ങള്‍ ചിട്ടപ്പെടുത്തി ഭാരതത്തിലുടനീളം നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജായ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ പ്രിന്‍സിപ്പാളായി സേവന മനുഷ്ഠിക്കുന്ന ലതയുടെ മകളായ ഹരിത തമ്പാനും സഹോദരി ഡോ. കലാക്ഷേത്ര വിദ്യാലക്ഷ്മിയും നര്‍ത്തകിമാരാണ്.
നാടക പ്രവര്‍ത്തകനും ലാസ്യ കലാക്ഷേത്രയുടെ ഡയറക്ടറുമായ തമ്പാന്‍ കാമ്പ്രത്താണ് ഭര്‍ത്താവ്.
പഠിച്ച സ്ഥാപനത്തിന്റെ ഭരണ സമിതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. കലാമണ്ഡലം ലത പറഞ്ഞു.