മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ സിനിമ കള്ളിച്ചെല്ലമ്മക്ക് 54 തികഞ്ഞു.

നോവല്‍ രചനാരംഗത്ത് പ്രശസ്തനായ ജി.വിവേകാനന്ദന്റെ നിരവധി രചനകള്‍ ചലച്ചിത്രമായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോളിയൂരില്‍ 1921 ജൂണ്‍ 30-ന് ജനിച്ചു.

ഗോവിന്ദന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍.

മിലിട്ടറിയിലും ആകാശവാണിയിലും കേരളസര്‍ക്കാര്‍ കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ആഫീസറായും ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡിയായും ജോലി നോക്കിയിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ചിത്രമായ കള്ളിച്ചെല്ലമ്മയ്ക്കു കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വിവേകാനന്ദനാണ്.

1969ലാണ് കള്ളിച്ചെല്ലമ്മക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചത്.

70 ല്‍ ത്രിവേണി, 73 ല്‍ മഴക്കാറ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, 77 ല്‍ ടാക്‌സി ഡ്രൈവര്‍, 79 ല്‍ വാര്‍ഡ് നമ്പര്‍-7, 81 ല്‍ അരിക്കാരി അമ്മു, 83 ല്‍ വിസ, 86 ല്‍ ഒരു യുഗസന്ധ്യ എന്നിവയാണ് വിവേകാനന്ദന്റെ ചലച്ചിത്രമാക്കപ്പെട്ട നോവലുകള്‍.

രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസിദ്ധ നോവല്‍ യക്ഷിപ്പറമ്പ് ചലച്ചിത്രമാക്കാന്‍ 1989 ല്‍ പി.ജി.വിശ്വംഭരന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു.

മലയാളത്തിലെ ആദ്യത്തെ സ്ത്രീകേന്ദ്രീകൃത സിനിമയാണ് കള്ളിച്ചെല്ലമ്മ.

പ്രേംനസീര്‍ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.

മധു, പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ഷീല, ശങ്കരാടി, പറവൂര്‍ ഭരതന്‍, വീരന്‍, കോട്ടയംശാന്ത, എം.എല്‍.സരസ്വതി, അടൂര്‍ഭവാനി, ജേസി, മീന, ഖദീജ, പാലാ തങ്കം, നബീസ, കുട്ടന്‍പിള്ള, ശങ്കര്‍ മേനോന്‍, മാസ്റ്റര്‍ പ്രമോദ്, രാധാകൃഷ്ണന്‍, കെ.പി.പിള്ള, കെ.പി.അബ്ബാസ്, പി.എ.ലത്തീഫ്, തോമസ് മാണി,തൊടുപഴ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.

പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത സിനിമ രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍നായരാണ് നിര്‍മ്മാണം.

യു.രാജഗോപാല്‍ ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.കൊന്നനാട്ട് കലാസംവിധാനം എസ്.എ.നായര്‍ പോസ്റ്റര്‍ ഡിസൈന്‍.

വിമലാ ഫിലിംസ് 1969 ആഗസ്ത് 22 ന് 54 വര്‍ഷം മുമ്പ് ഒരു തിരുവോണക്കാലത്താണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍, സംഗീതം-കെ.രാഘവന്‍).

1-അശോകവനത്തിലെ-കമുകറ-ബി.വസന്ത.

2-കാലമെന്ന കാരണവര്‍ക്ക്-സി.ഒ.ആന്റോ, പി.ലീല, ശ്രീലത, കോട്ടയം ശാന്ത.

3-കരിമുകില്‍ കാട്ടിലെ-ജയചന്ദ്രന്‍.

4-കന്നംകുളങ്ങരെ-അടൂര്‍ഭവാനി.

5-മാനത്തെ കായലില്‍-കെ.പി.ബ്രഹ്‌മാനന്ദന്‍.

6-ഉണ്ണി ഗണപതിയേ-എം.ജി.രാധാകൃഷ്ണന്‍, സി.ഒ.ആന്റോ.