കല്യാണരാത്രിയില്‍ 57 വര്‍ഷം-
ഒരു കാലഘട്ടത്തിന്റെ സിനിമാ സംവിധായകനാണ് എം.കൃഷ്ണന്‍നായര്‍.

കുറ്റാന്വേഷണസിനിമകളും കുടുംബസിനിമകളും ഹാസ്യസിനിമകളും മുസ്ലിം കുടുംബപശ്ചാത്തലത്തിലുള്ള സിനിമകളും ഒരുപോലെ അവതരിപ്പിച്ച സംവിധായകന്‍.
1955 ലെ സി.ഐ.ഡി മുതല്‍ 1987 ലെ കാലംമാറി കഥമാറി വരെ 68 സിനിമകള്‍.
എം.ജി.ആറിന്റെ റിക്ഷാക്കാരന്‍ ഉള്‍പ്പെടെ 12 സിനിമകള്‍ തമിഴിലും തെലുങ്കിലുമായി അദ്ദേഹം സംവിധാനം ചെയ്തു.
2001 മെയ് 10 ന് നിര്യാതനായി.
1966 ജൂലായ് 15 ന് റിലീസായ കല്യാണ രാത്രിയില്‍ ത്രില്ലര്‍ സ്വഭാവത്തില്‍ പെട്ട ഒരു സിനിമയാണ്.
പ്രേംനസീര്‍, അടൂര്‍ഭാസി, വിജയനിര്‍മ്മല, കൊട്ടാരക്കര, മുതുകുളം, പറവൂര്‍ ഭരതന്‍, കടുവാക്കുളം, ടി.എസ്.മുത്തയ്യ, ലത രാജു, ഫിലോമിന, എന്‍.സരോജം എന്നിവര്‍ മുഖ്യവേഷത്തിസലെത്തി.
എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്.
തങ്കം മൂവീസിന്റെ ബാനറില്‍ രാജു.എം.മാത്തന്‍ നിര്‍മ്മിച്ച സിനിമ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചു.
കൃഷ്ണന്‍കുട്ടി ക്യാമറയും എസ്.വെങ്കിടേഷ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം ദേവരാജന്‍).
1-ആദ്യത്തെ രാത്രിയില്‍-എസ്.ജാനകി.
2-അല്ലിയാമ്പല്‍ പൂവുകളെ-ജയചന്ദ്രന്‍-എസ്.ജാനകി.
3-ചിലമ്പൊലി ഉയര്‍ന്നു-എല്.ആര്‍.ഈശ്വരി.
4-മാതളപ്പൂങ്കാവിലിന്നലെ-എസ്.ജാനകി.
5-നദികള്‍-പി.ലീല.
6-വണ്‍ ടൂ ത്രീ-എല്‍.ആര്‍.ഈശ്വരി.
കഥ
പാശ്ചാത്യ രീതിയില്‍ നടത്തിവരുന്ന ഹോട്ടല്‍ഹില്‍പാലസിന്റെ ഉടമയായ പി കെ മേനോന്റെ വളര്‍ത്തുമകളായ ലീല അവിടെ വരുന്ന വിശിഷ്ടാതിഥികളുടെ മുമ്പില്‍ നൃത്തം ചെയ്തു് അവരുടെ കണ്ണിനു് കുളിര്‍മയും കരളിനു് മുന്തിരിച്ചാറും പകര്‍ന്നു പോന്നു. സ്വപിതാവില്‍ നിന്നുപോലും ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവന്ന ലീലയ്ക്കു് അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചതു് വിധവയായ മാധവിയമ്മയില്‍ നിന്നും മകള്‍ രാധയില്‍ നിന്നും മാത്രമാണു്. ഹൈറേഞ്ചിലെ ഒരു പ്രധാന എസ്റ്റേറ്റുടമയായ കെ ബി നായരുടെ മൂത്ത സഹോദരിയാണു് മാധവിയമ്മ. നായരും മേനോനും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണു്.
ആയിടയ്ക്കു് മദിരാശിയില്‍ നിന്നും ഡോക്ടര്‍ കൈമളുടെ ഒരു ശുപാര്‍ശക്കത്തുമായി വന്ന രാജഗോപാലനെ നായര്‍ തന്റെ എസ്റ്റേറ്റില്‍ മാനേജറായി നിയമിച്ചു. മദിരാശിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പരിചിതരായിരുന്ന രാധയും രാജനും അങ്ങിനെ വീണ്ടും കണ്ടുമുട്ടി.
ആ പരിസരങ്ങളില്‍ വെള്ളിയാഴ്ചതോറും അര്‍ദ്ധരാത്രിയ്ക്കു് പതിവായി പ്രത്യക്ഷപ്പെടാറുള്ള ഒരു പ്രേതത്തെപ്പറ്റിയും അതിന്റെ ഭീകരപ്രവര്‍ത്തികളെപ്പറ്റിയും രാജന്‍ പല കഥകളും കേട്ടു. ഒന്നുരണ്ടുപ്രാവശ്യം രാജന്‍ നേരിട്ടു് ഭൂതത്തെകണ്ടു് ഭയപ്പെടുകയും ചെയ്തു. അകാലചരമമടഞ്ഞ നായരുടെ ഭാര്യയുടെ പ്രേതമാണു് അവിടമെല്ലാം ചുറ്റി അലയുന്നതെന്നു് ഡ്രൈവര്‍ അപ്പുക്കുട്ടനില്‍ നിന്നും രാജന്‍ അറിയുവാനിടയായി. മാതാപിതാക്കളോ ബന്ധുജനങ്ങളോ ഇല്ലാത്ത രാജന്‍ നായരുടെ കുടുംബവുമായി കൂടുതല്‍ ബന്ധപ്പെട്ടുതുടങ്ങി. ലീല ഒരു അനാഥയാണെന്നും മേനോന്റെ വളര്‍ത്തുമകളാണെന്നും അറിഞ്ഞ രാജന്‍ അവള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാക്കി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാമെന്നേറ്റു് അവളെ ആശ്വസിപ്പിച്ചു.
രാധയും രാജനും പ്രേമബദ്ധരായി എന്നറിഞ്ഞ മാധവിയമ്മ കുപിതയായി. രാജന്റെ വാസസ്ഥലത്തെത്തി തങ്ങളുടെ ഒരു ശമ്പളക്കാരനു് മകളെ വിവാഹം ചെയ്തു് കൊടുക്കില്ലെന്നും അതു് കൊണ്ടു് രാജന്‍ ജോലി ഉപേക്ഷിച്ചു് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. യാദൃശ്ചികമായി രാജന്റെ അച്ഛന്റെ ഫോട്ടോ കണ്ട മാധവിയമ്മ ശാന്തത വീണ്ടെടുക്കുകയും രാധയെ രാജനു് വിവാഹം ചെയ്തുകൊടുക്കാമെന്നു് വാക്കു് കൊടുക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ഈ ഭാവപ്പകര്‍ച്ചയ്ക്കു് കാരണം ദുരൂഹമായതിനാല്‍ രാജന്‍ അമ്പരന്നുപോയി.
മാധിവയമ്മയുടെ നിര്‍ബന്ധപ്രകാരം നായര്‍ രാജന്റേയും രാധയുടേയും വിവാഹം നടത്തി. തന്റെ സകലദുഃഖങ്ങളും മറന്നു് ലീല ആഹ്ലാദഭരിതയായി. ഇതിനിടയില്‍ നായരുടേയും മേനോന്റേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ രാജന്‍ കല്യാണരാത്രിയില്‍ നായരുടെ അറ പരിശോധിക്കാന്‍ തീരുമാനിച്ചു. തന്റെ പ്രേയസി സുഖനിദ്രപ്രാപിച്ചപ്പോള്‍ രാജന്‍ നായരുടെ അറയിലേക്കു് നീങ്ങി. കിടക്കറവാതില്‍ കിരുകിരാശബ്ദത്തോടെ തുറക്കപ്പെട്ടു. പ്രേതം കട്ടിലിനോടടുത്തു. ഭയവിഹ്വലയായി ഉറക്കെ കരഞ്ഞ രാധയുടെ ശബ്ദം കേട്ടു് രാജന്‍ ഓടിയെത്തിയോപ്പോഴേക്കും ഭൂതം വെളിയിലേക്കോടിക്കഴിഞ്ഞിരുന്നു. രാജന്‍ പ്രേതത്തെ പിന്‍തുടര്‍ന്നു. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നടന്നു ശൂന്യമായ ഒരു കെട്ടിടത്തിന്റെ പരിസരത്തെത്തിയ ഭൂതത്തിന്റെ പിന്നാലെ രാജനും രഹസ്യവാതിലില്‍ കൂടി കെട്ടിടത്തിന്നടിയിലുള്ള അറയിലെത്തി.
ഭൂതത്തോടൊപ്പം അറയില്‍ പ്രവേശിച്ച രാജന്‍ നായരും മേനോനും ചേര്‍ന്നു നടത്തിയ പല കൊലപാതകങ്ങളും കണ്ടുപിടിച്ചു. കള്ളക്കടത്തും കള്ളനോട്ടു്മാറ്റലും ആയിരുന്നു അവരുടെ പ്രധാനവ്യാപാരമെന്നും രാജന്‍ മനസ്സിലാക്കി. രാജനെ തട്ടിക്കളയാന്‍ നായര്‍ നടത്തിയ ശ്രമം വിഫലമായി. രാജന്‍ അവിടെ നിന്നും രക്ഷപെട്ടു.
അടുത്ത ദിവസം രാജന്‍ ശ്രദ്ധാലുവായിത്തന്നെ നീങ്ങി. രാത്രിയില്‍ പ്രേതത്തിനെ കണ്ട രാജന്‍ അതിനെ പിന്‍തുടര്‍ന്നു് പിടികൂടി. അതു് ഡ്രൈവര്‍ അപ്പുക്കുട്ടനായിരുന്നു. കൂട്ടത്തില്‍ പല സത്യങ്ങളും രാജന്‍ കണ്ടുപിടിച്ചു. താന്‍ നായരുടെ ജ്യേഷ്ഠന്റെ പുത്രനാണെന്നും ലീല തന്റെ സഹോദരിയാണെന്നും തങ്ങളുടെ സ്വത്തുക്കള്‍ കൂടി അപഹരിക്കുവാന്‍ വേണ്ടി അച്ഛനെ നായര്‍ വധിക്കുകയായിരുന്നെന്നും മറ്റും.
നായരും രാജനും തമ്മില്‍ തുടര്‍ന്നു നടന്ന സംഘട്ടനത്തില്‍ പിടിയിലായ നായര്‍ നിയമപാലകരുടെ കയ്യില്‍ നിന്നും കുതറി ഓടി വഴിയില്‍ ഒരു ഗര്‍ത്തത്തില്‍ വീണു് മരണമടഞ്ഞു. മറ്റു് അനുയായികള്‍ കീഴടങ്ങി
തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ മുഴുവന്‍ രാജന്റെ കയ്യിലെത്തിച്ചേര്‍ന്നു.
