കണ്ണൂര്‍ ഗവ.നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നാളെ പഠിപ്പുമുടക്കി പ്രതിഷേധിക്കും.
പരിയാരം: നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന് പുറത്തും പഠനയാത്ര അനുവദിക്കണം എന്ന കോടതി വിധി നടപ്പാക്കാത്തതിനെതിരെ കേരള ബി.എസ്.സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷന് (കെ.ബി.എസ്.എന്‍.എ) നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി എല്ലാ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളിലും സൂചനാ പഠിപ്പു മുടക്ക് നടത്തുന്നതിന്റെ ഭാഗമായി പരിയാരത്തെ ഗവ.നേഴ്സിങ്ങ് കോളേജിലും വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കും.

മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടറുടെ കീഴിലുള്ള ഡെന്റല്‍, ഫാര്‍മസി, എം.എല്‍.ടി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്ത് പഠനയാത്രക്ക് അനുവാദം നല്കുമ്പോള് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വിവേചനപരമായി അനുമതി നിഷേധിക്കുകയാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്ര പോകാം എന്ന് ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒരു വര്‍ഷമായി നിവേദനങ്ങള്‍ നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാവാത്തതിനാലാണ് സൂചനാ പഠിപ്പുമുടക്ക് നടത്തുന്നത്.
കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ 15 മുതല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരത്തിലേക്ക് നീങ്ങുമെന്ന് സമരസമിതി അറിയിച്ചു.
