വളഞ്ഞവഴിയിലൂടെ അനധികൃതകച്ചവടത്തിന് വഴിയൊരുക്കാനുള്ള നീക്കം വ്യാപാരിനേതാക്കള്‍ ഇടപെട്ട് തടഞ്ഞു-
തളിപ്പറമ്പ്: അനധികൃത തെരുവ്കച്ചവടങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ അംഗീകാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപാരി നേതാക്കള്‍ രംഗത്ത്.
ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
കരിമ്പം പ്രദേശത്തെ രണ്ട് കയ്യേറ്റ കച്ചവടങ്ങള്‍ ജൂലായില്‍ നടന്ന താലൂക്ക് വികസനസമിതി മുമ്പാകെ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തിരുന്നു.
ഇവ പുന:സ്ഥാപിച്ചുകിട്ടാന്‍ കച്ചവടക്കാര്‍ വികസനസമിതി മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മാനുഷികപരിഗണനവെച്ച് കച്ചവടക്കാര്‍ക്ക് തെരുവ് കച്ചവടത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ ജന.സെക്രട്ടെറി വി.താജുദ്ദീന്‍ ശക്തമായ പ്രതിരോധവുമായി രംഗത്തുവന്നത്.
അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പരാതിയുമായി രംഗത്തുണ്ടെന്നും, തെരുവ് കച്ചവടത്തിന് അംഗീകാരം നല്‍കുന്ന വിധത്തിലുള്ള നീക്കത്തെ അംഗീകരിക്കില്ലെന്നും താജുദ്ദീന്‍ പറഞ്ഞു.
വാടകയും എല്ലാവിധ നികുതികളും ലൈസന്‍സ് ഫീസുകളും അടച്ച് കച്ചവടം ചെയ്യുന്നവര്‍ക്ക് നീതി നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ വികസനസമിതി യോഗം എടുക്കരുതെന്നും അദ്ദേഹം ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.
വ്യാപാരി നേതാവിന്റെ വാദത്തിന് പിന്തുണ കൂടിയതോടെ തെരുവ് കച്ചവടക്കാരുടെ അപേക്ഷകള്‍ വികസനസമിതി തിരിച്ചുനല്‍കുകയായിരുന്നു.
നഗരസഭ പൊളിക്കാന്‍ ഉത്തരവ് നല്‍കിയ ദേശീയപാതയോരത്തെ നാലുനില കെട്ടിടം പൊളിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടെറി .യോഗത്തെ അറിയിച്ചു.
സംസ്ഥാനപാതയില്‍ ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസ്‌ബേകള്‍ നിര്‍മ്മിച്ച് ഇവിടെ ഗതാഗത പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നകാര്യം ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കും.
സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്ന കാര്യവും ഈ യോഗത്തില്‍ പരിഗണിക്കും. ആനപ്പള്ളി ഗോപാലനാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.
നഗരത്തിലെ നടപ്പാതകളിലുള്ള കയ്യേറ്റം അവസാനിപ്പിക്കുക, കരിവെള്ളൂര്‍ കാവുമ്പായി റോഡിലെ ചെറുകര ഭാഗത്ത് കയ്യേറ്റം കണ്ടെത്താന്‍ ഭൂമി സര്‍വേ നടത്തുക, പഴശ്ശി കനാലില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും കുറ്റിക്കാടുകളും നീക്കം ചെയ്യുക തുടങ്ങി പതിനാല് പരാതികളാണ് വികസനസമിതി പരിഗണിച്ചത്.
തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.ഷെറില്‍ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പ്രീതി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത, കെ.സുധാകരന്‍ എം.പിയുടെ പ്രതിനിധി പി.എം.മാത്യു പങ്കെടുത്തു.
