തളിപ്പറമ്പ് തീപ്പിടിത്തം: സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് പരിഗണിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ
തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ വലിയ തോതില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു.
അഗ്‌നിബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചതായും എംഎല്‍എ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പില്‍ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂര്‍ണമായും അഗ്‌നിക്കിരയായത്.
ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും.
നഷ്ടപരിഹാരം അനുവദിക്കുന്നതില്‍
സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതര്‍ക്ക് അനൂകൂലമായ നടപടികള്‍ എടുക്കണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
വ്യാപാരികള്‍ പറയുന്നത് സര്‍ക്കാര്‍ മുഖവിലക്കെടുക്കും. വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളില്‍ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പരമാവധി സഹായം ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ ശ്രമിക്കും.
അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍, ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തിച്ച നാട്ടുകാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും എം എല്‍ എ പറഞ്ഞു.
ജീവാപായം ഒഴിവാക്കാനും അഗ്‌നിബാധ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നത് തടയാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.
വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാന്‍ എല്ലാവിധ സഹകരണവും പൊതുസമൂഹത്തോട് യോഗം അഭ്യര്‍ത്ഥിച്ചു.
വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, തളിപ്പറമ്പ് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി,
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ ദ്മനാഭന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ കെ.വി.ശ്രുതി, തളിപ്പറമ്പ് ആര്‍ ഡി ഒ സി.കെ. ഷാജി, തളിപ്പറമ്പ് തഹസില്‍ദാര്‍ പി.സജീവന്‍ ഡിവൈ. എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍, തൊഴിലാളികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ മുന്‍ എം എല്‍ എമാരായ എം.വി.ജയരാജന്‍, ടി വി രാജേഷ്, മുന്‍ എം പി കെ.കെ.രാഗേഷ് എന്നിവരോടൊപ്പം തീപിടുത്തം ഉണ്ടായ വ്യാപാരസമുച്ചയത്തില്‍ സന്ദര്‍ശനം നടത്തി.
