കക്കര ഭഗവതി തായിപരദേവതാ ക്ഷേത്രം നവീകരണം-പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവം

പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര കക്കര ഭഗവതി തായ്പരദേവതാ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ തീയ്യതികളില്‍ നടക്കും.

29 ന് വൈകീട്ട് മൂന്നിന് ചന്തപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും.

ചൊവ്വാഴ്ച വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും സുവനീര്‍ പ്രകാശനവും നടക്കും.

സാസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രനും ചടങ്ങില്‍ സുവനീര്‍ പ്രകാശനം രാമകൃഷ്ണന്‍ കണ്ണോമും നിര്‍വഹിക്കും.

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഏഴിന് തിരുവാതിര തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഒന്നിന് രാവിലെ ഏഴു മുതല്‍ പൂജാകര്‍മങ്ങള്‍ ആരംഭിക്കും. വൈകീട്ട് 6. 30 ന് ഫൂഷന്‍ ഡാന്‍സ്. രാത്രി ഏഴിന് പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം നയിക്കുന്ന മ്യൂസിക്കല്‍ ഷോ ഉണ്ടായിരിക്കും.

രണ്ടിന് വ്യാഴാഴ്ച പകല്‍ 11നും ഒന്നിനുമിടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും.

വൈകീട്ട് ആറിന് കളിയാട്ടത്തിന് ആരംഭം കുറിക്കും. 6.30 ന് തൊണ്ടച്ഛന്‍ ദൈവത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് മറ്റ് തെയ്യക്കോലങ്ങളുടെ തോറ്റങ്ങളും ശ്രീഭുതവും അരങ്ങേറും.

വെള്ളിയാഴ്ച രാവിലെ അഞ്ചിന് കുടിവീരന്‍ തെയ്യം, തുടര്‍ന്ന് തൊണ്ടച്ഛന്‍, കക്കര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായ്പരദേവത തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

ഉച്ചക്ക് 12. 30 മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം ഉണ്ടായിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ പി.പി.ശോഭരാജ്, കെ.പി.രമേശന്‍, കെ.പി.അനില്‍ ,കെ.പി.പ്രമോദ്, കെ.പി.ശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.