വരൂ കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയാണ്-അടിക്കാം പൊളിക്കാം.
തളിപ്പറമ്പ്: മഴക്കാലത്ത് മാത്രം സജീവമാകുന്ന കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയായി. കോടയില്‍ പുതഞ്ഞ മലയോരത്തെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചാല്‍ കണ്ണൂര്‍ മാതമംഗലത്തിനടുത്ത് പറവൂര്‍ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാല്‍ പാറയില്‍ തട്ടി നുരഞ്ഞു പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ഹുങ്കാരനാദം കേള്‍ക്കാനാകും. അതിന് ചെവിയോര്‍ത്ത് നീങ്ങിയാല്‍, കാണാം ആ വശ്യമനോഹരമായ കാഴ്ച. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം.
ചുരുക്കം വര്‍ഷം കൊണ്ട് വിനോദസഞ്ചാരികളെ അത്രയേറെ ആകര്‍ഷിച്ച കണ്ണൂരിലെ അപൂര്‍വം മഴക്കാല വെള്ളച്ചാട്ടങ്ങളില്‍ ഒന്ന്. ഇടവപ്പാതി തുടങ്ങിയാല്‍ കാരക്കുണ്ടില്‍ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല. വെള്ളച്ചാട്ടം കണ്ടാസ്വദിക്കാന്‍ മാത്രമല്ല റീല്‍സ് എടുക്കാനും കല്യാണ ഷൂട്ടിനും എത്തുന്നവര്‍ ഏറെ. കുടുംബത്തോടൊപ്പം എത്തുന്നവര്‍ വേറെയും. ആയിരത്തിലേറെ ആളുകള്‍ ഇവിടെ ഒരുദിവസം എത്തിച്ചേരുണ്ടെന്നാണ് നാട്ടുകാരുടെ കണക്ക്. സഞ്ചാരികള്‍ക്ക് സഹായമായി ചെറുകിയ വ്യാപാരങ്ങളും സജീവം.
കണ്ണൂരില്‍നിന്ന് കാരക്കുണ്ടിലേക്ക് 32 കിലോമീറ്റര്‍ ആണ് ദൂരം. പയ്യന്നൂരില്‍ നിന്ന് 20 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. പൊതുവേ ആള്‍താമസം കുറഞ്ഞ മേഖലയാണിത്. നല്ല റോഡ് സൗകര്യവും ശബ്ദ കോലാഹലങ്ങള്‍ ഇല്ലാത്തതും സഞ്ചാരികളെ കാരക്കുണ്ടിലേക്ക് ആകര്‍ഷിക്കുന്നു.
മറ്റ് വെള്ളചാട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ അപകട സാധ്യത വളരെ കുറവാണെന്ന് സഞ്ചരികളും സാക്ഷ്യപ്പെടുത്തുന്നു. മഴക്കാല വെള്ളച്ചാട്ടം ആയതിനാല്‍ വെള്ളം ഒഴുകിയെത്തുന്നത് ചെറു കൈതോടുകളിലേക്ക് ആണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് പോലും ഇവിടെ യഥേഷ്ടം നീന്തിതുടിക്കാം.
