കേന്ദ്ര സര്‍ക്കര്‍ കൃഷിക്കാരുടെ വിലാപത്തെ അവഗണിക്കുന്നു കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍: രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ, എല്‍.ഐ.സി, തുറമുഖങ്ങള്‍ പോലെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് നല്‍കി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൃഷിക്കാരുടെ വിലാപങ്ങളെ അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ എല്ലാത്തരം വന്യജീവികളുടെയും എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ 107 പേരും ഇന്ത്യയില്‍ ആകെ 2525 മനുഷ്യജീവനും പൊലിഞ്ഞുപോയി. എന്നിട്ടും 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കര്‍ഷകര്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയും,ആക്രമിച്ചും നിരവധി പേരെ കൊന്നൊടുക്കിയ കേന്ദ്രസര്‍ക്കാര്‍ സമരം അവസാനിപ്പിക്കാന്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും സംയുക്ത കിസാന്‍ മോര്‍ച്ച സമരം ആരംഭിക്കുകയാണ്.

കൊവിഡും,കാലാവസ്ഥാവ്യതിയാനവും കാരണം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രാജ്യത്തെ കൃഷിക്കാരുടെ വിലാപങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

വനാതിര്‍ത്തിയില്‍ താമസിക്കുന്ന കൃഷിക്കാരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് അവരുടെ സ്ഥലങ്ങള്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ചിരട്ടി വില നല്‍കി ഏറ്റെടുക്കുവാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

കണ്ണൂര്‍ പി ടി ചാക്കോ സ്മാരക മന്ദിരത്തില്‍ വെച്ച് നടന്ന നേതൃസംഗമം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും,സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് ചെയര്‍മാനുമായ അഡ്വ.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസ് പുത്തന്‍പുര മുഖ്യപ്രഭാഷണം നടത്തി. സജി കുറ്റിയാനിമറ്റം, കെ ടി സുരേഷ് കുമാര്‍, ജോബിച്ചന്‍ മൈലാടൂര്‍,സേവി വി വി,

സി ജെ ജോണ്‍,സി എം ജോര്‍ജ്,ബിനു മണ്ഡപം, ടി എസ് ജെയിംസ്, ഡോ ജോസഫ് തോമസ്, ബെന്നിച്ചന്‍ മഠത്തിനകം,ജോര്‍ജ് മാത്യു,വിപിന്‍ തോമസ്,അല്‍ഫോന്‍സ് കളപ്പുര,ബിനു ഇലവുങ്കല്‍,അമല്‍ കൊന്നക്കല്‍,ജോസ് മണ്ഡപം,
വര്‍ക്കി വട്ടപ്പാറ, ഡോ.ത്രേസ്യാമ്മ കൊങ്ങോല എന്നിവര്‍ പ്രസംഗിച്ചു.