കേരളാ ഗ്രാമീണ്‍ ബാങ്കിനെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഡെപ്പോസിറ്റ്  കലക്ടേഴ്‌സ് യൂണിയന്‍- 

 

ജനാര്‍ദ്ദനന്‍ വി.നീലേശ്വരം പ്രസിഡന്റ്-കുഞ്ഞുമുഹമ്മദ് കിഴിശേരി-ജന.സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര-കേരള സര്‍ക്കാരിന്റെയും കനറാ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേരള ഗ്രാമീണ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് യൂണിയന്‍ ആറാമത് വാര്‍ഷിക സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആകാശവാണി ന്യൂസ് റീഡര്‍ ഹക്കീം കൂട്ടായി മുഖ്യാതിഥിയായിരുന്നു.

40 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ കെ ജി ബി യിലെ നിക്ഷേപ ഏജന്റുമാരെ ഹക്കീം കൂട്ടായി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ഏജന്റുമാരുടെ മക്കള്‍ക്കുള്ള യൂണിയന്‍ എജുക്കേഷന്‍ എന്‍ഡോവ്‌മെന്റ് ചടങ്ങില്‍ വിതരണം ചെയ്തു.

കെ ജി ബി യിലെ മൂന്നുദിനം നിക്ഷേപ പദ്ധതികള്‍ ഏകീകരിച്ച് ഉയര്‍ന്നവേതനത്തോടെ പരിഷ്‌കരിക്കുക, ഏജന്റുമാര്‍ക്ക് നല്‍കിവരുന്ന കണ്‍വെയന്‍സ് അലവന്‍സ് വര്‍ദ്ധിപ്പിക്കുക, നിക്ഷേപ ഏജന്റുമാര്‍ക്ക് ഗ്രാറ്റ്വിറ്റിയും, പിഎഫ് ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ജന.സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ടി.വി ജയകുമാര്‍ വാര്‍ഷിക വരവുചെലവ് കണക്കും അവതരിപ്പിച്ചു.

പ്രഭാകരന്‍ കൊയിലി, നന്ദന്‍ പയ്യന്നൂര്‍, അനില്‍കുമാര്‍ എറണാകുളം, വര്‍ഗീസ് പാലാ, അലവിക്കുട്ടി പെരിന്തല്‍മണ്ണ ജോണ്‍ മാനന്തവാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി ജനാര്‍ദനന്‍ വി.നീലേശ്വരം(പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളം (ചെയര്‍മാന്‍ ) കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി ( ജനറല്‍ സെക്രട്ടറി) പ്രഭാകരന്‍ കൊയിലി, അലവിക്കുട്ടി പെരിന്തല്‍മണ്ണ, ശശീന്ദ്രന്‍ തിരൂര്‍ക്കാട്, അനന്തകൃഷ്ണന്‍ കരിമ്പം(അസിസ്റ്റന്റ് സെക്രട്ടറിമാര്‍), മൊയ്തീന്‍ കുഞ്ഞുമാണിപുരം, ജോണ്‍ മാനന്തവാടി, നന്ദനന്‍ പയ്യന്നൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ ടി വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു