പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (ജയവിജയ) അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ.ജി.ജയന്‍ സംഗീതം നല്‍കി.

സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സം?ഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ.ജി.ജയന്‍. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം?ഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കാരാപ്പുഴ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂര്‍ണമായും ജയന്‍ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയില്‍ കടമ്പൂത്തറ മഠത്തില്‍ വൈദികാചാര്യ കെ.ഗോപാലന്‍ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: ബിജു കെ.ജയന്‍, നടന്‍ മനോജ് കെ. ജയന്‍. മരുമക്കള്‍: പ്രിയ ബിജു, ആശ മനോജ്.