പൊതുബോധവും പൗരധര്‍മ്മവും പഠിപ്പിക്കണം-സാക്ഷരകേരളത്തെ.

        ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കണ്ണൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ കണ്ട ഒരു ദൃശ്യമാണിത്.

നിരവധിയാളുകള്‍ ഈ സമയത്ത് കണ്ണൂര്‍ ബസിനായി ഈ പരിസരത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്.

ഈ ഭാഗത്ത് പാര്‍ക്ക് ചെയ്ത ഒരു ബസിന്റെ പിറകിലെ ഡോര്‍ തുറന്ന് ഒരു ബസ് ജീവനക്കാരന്‍ ഭക്ഷണം കഴിഞ്ഞ് വായ കഴുകി തുപ്പുകയാണ്.

ഇത് ശരീരത്തില്‍ തെറിക്കാതിരിക്കാന്‍ മാറിനല്‍ക്കേണ്ടി വന്നു. വെള്ളം കൊണ്ട് എച്ചില്‍പാത്രം കഴുകി ഒഴിക്കുന്നതും ഇവിടെ തന്നെ.

പുരോഗതി കൂടുമ്പോള്‍ മനുഷ്യന് പൊതുബോധം നഷ്ടപ്പെടുകയാണോ-എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന ഒരു പൊതു സ്ഥലത്ത് ഇങ്ങനെ ചെയ്യുന്നത് പൗരധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ-ബസ് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ബസ്റ്റാന്റില്‍ ഒരു മുറിയുണ്ട് എന്നാണറിവ്.

കൈകഴുകാനും മറ്റും കംഫര്‍ട്ട് സ്റ്റേഷനില്‍ സൗകര്യമുണ്ട്. പക്ഷെ, പൊതുസ്ഥലത്ത് ഇതൊക്കെ ചെയ്യാനാണ് പലര്‍ക്കും താല്‍പര്യം.

മെയിന്‍ റോഡിലും കോര്‍ട്ട് റോഡിലും മറ്റുമുള്ള ചില കച്ചവടക്കാരും ഉച്ചഭക്ഷണം കഴിച്ച് പൊതുറോഡില്‍ കൈകഴുകുന്നതും എച്ചില്‍പാത്രങ്ങള്‍ കഴുകിയൊഴിക്കുന്നതും വായകഴുകി തുപ്പുന്നതും പലപ്പോഴും കാണാന്‍ ഇടയായിട്ടുണ്ട്.

പക്ഷെ, ഈ ബസ് ജീവനക്കാരന്റേത് കടന്ന കയ്യായിപോയെന്ന് പറയാതെ വയ്യ.

ബസ് തൊഴിലാളികള്‍ക്ക് ഇതിനൊന്നും സൗകര്യം ബസ്റ്റാന്റില്‍ ഇല്ലെങ്കില്‍ നഗരസഭ അത് ചെയ്തുകൊടുക്കേണ്ടതാണ്.