കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് പ്രതിഷേധിച്ചു

കണ്ണൂര്‍: കെ.എസ്.ഐ.ഡി.സിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്ത്.

2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.എസ്.ഐ.ഡി.സി വലിയ വെളിച്ചം പാര്‍ക്കിലെ വ്യവസായ യൂണിറ്റുകള്‍ സകല പ്രതിസന്ധികളും നേരിട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുകയാണ്.

ഈ വ്യവസായ് പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥലവും സമീപ പ്രദേശവും തരിശു ഭൂമിയായിരുന്നു.

പുതിയ പുതിയ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പുറത്തു കടകളും, ഹോട്ടലുകളും, പെട്രോള്‍പമ്പും മറ്റും വന്ന് ഇന്ന് ഇവിടം ടൗണ്‍ഷിപ്പ് ആയി മാറുകയും വീടുകള്‍ വരികയും ചെയ്തുതുടങ്ങിയതോടെ നാട്ടുകാര്‍ വ്യവസായ യൂണിറ്റുകള്‍ക്കെതിരെ മലിനീകരണം എന്ന് പറഞ്ഞ് പ്രതിഷേധം തുടങ്ങുകയായിരുന്നു.

നവംബര്‍ 15 വെള്ളിയാഴ്ച്ച കെ.എസ്.ഐ.ഡി.സി യെ മുന്‍കൂട്ടി അറിയിക്കാതെ വലിയ വെളിച്ചം സംരക്ഷണ സമിതി എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും ആരേയും അകത്തു പ്രവീശിപ്പിക്കാതെ തടയുകയും ചെയ്തു.

ഇതുമൂലം വ്യവസായികള്‍ക്ക് ഉല്പാദനം നടത്താന്‍ കഴിയാതെയും ഭക്ഷ്യവസ്തുക്കള്‍ പുറത്തേക്ക് അയക്കാന്‍ കഴിയാതെയും ഭീമമായ നഷ്ടം ഉണ്ടാവുകയും ചെയ്തു.

സംഭവത്തില്‍  കെ.എസ്.എസ്.ഐ.എ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രത്യേക യോഗം ശക്തമായി പ്രതിഷേധിച്ചു.

വ്യവസായികള്‍ക്കെതിരെയുള്ള ഈ ദ്രോഹ നടപടിയില്‍ ഉണ്ടായ നഷ്ടം ഉപരോധക്കാരില്‍നിന്ന് ഈടാക്കി നല്‍കണമെന്നും, ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും സര്‍ക്കാരിനോട് പ്രമേയം വഴി ആവശ്യപ്പെടുകയും ചെയ്തു.

യോഗത്തില്‍ പ്രസിഡന്റ് സി.അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു, സെക്രട്ടറി ടി.പി.നാരായണന്‍ സ്വാഗതം പറഞ്ഞു.