മരവ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കെ എസ് ടി എം എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി

തളിപ്പറമ്പ് :മരവ്യവസായ മേഖലയിലെ വിവിധ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന കെ എസ് ടി എം എ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സ്റ്റീല്‍ ഉത്പന്നങ്ങള്‍ വ്യാപകമായതോടെ പ്ലാവ്, തേക്ക് പോലുള്ള കാതല്‍ മരങ്ങള്‍ക്ക് വിപണി ഇല്ലാതായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മരം ഇറക്കുമതി ചെയ്തു തുടങ്ങിയതോടെ നാട്ടിലെ കര്‍ഷകരുടെ മരം വിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട അവസ്ഥയാണ്.

മിക്ക മരങ്ങള്‍ക്കും കഴിഞ്ഞ കാലങ്ങളില്‍ കിട്ടുന്നതിന്റെ പകുതി വിലയാണ് ലഭിക്കുന്നത്.

പ്ലൈവുഡിന് വില കൂടിയെങ്കിലും കട്ടന്‍സിനും വിറകിനും വില കൂടിയിട്ടില്ല.

ഈ കാരണങ്ങളാല്‍ മരവ്യവസായ മേഖല തീര്‍ത്തും പ്രതിസന്ധിയിലാണ്.

കുടുംബത്തിലെ പ്രധാന ആവശ്യങ്ങള്‍ക്കായി ഒരു മരം വില്‍ക്കുന്ന കര്‍ഷകന് മാന്യമായ ഒരു വില നല്‍കാന്‍ സാധക്കാത്ത സാഹചര്യം ആണുള്ളത്.

ലക്ഷക്കണക്കിന് കര്‍ഷകരും ആയിരക്കണക്കിന് തൊഴിലാളികളും ആശ്രയിക്കുന്ന മര വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വക്കച്ചന്‍ പുല്ലാട്ട് യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വി റാസിഖ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ സി എച്ച് മുനീര്‍, ബെന്നി കൊട്ടാരം, കെ. വി.ശ്രീനിവാസന്‍, സി.എച്ച.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്നലെ നടന്ന യോഗം സംഘടനയുടെ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വി.റാസിഖ് (പ്രസിഡന്റ് )സരുണ്‍ തോമസ് (സെക്രട്ടറി ) മഹേഷ് വളക്കൈ (ട്രഷറര്‍ ), കെ.കെ.പി.ബാബു, പി.വി.സതീഷ് കുമാര്‍, സുബൈര്‍ മാതമംഗലം (വൈസ് പ്രസിഡന്റ്മാര്‍), ജലീല്‍ ചുഴലി, അലിയാര്‍കുട്ടി ചെറുപുഴ, പി.ആര്‍.സുരേഷ് (ജോ. സെക്രട്ടറിമാര്‍).