കുറുപ്പിന്റെ കുറുക്കന്‍ കൗശലങ്ങള്‍-(മൂവീ റിവ്യു)–കുറുപ്പ്–

 

കരിമ്പം.കെ.പി.രാജീവന്‍-

       അവസാനം മൂന്നാമത്തെ കുറുപ്പ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 1984 ല്‍ ബേബി സംവിധാനം ചെയ്ത എന്‍.എച്ച്-47, 2016 ലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും—എന്നീ സിനിമകള്‍ക്ക് ശേഷമുള്ള പുതിയ കുറുപ്പിന്റെ വരവ് തിയേറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുന്നു.

മുന്‍ കുറുപ്പ് സിനിമകളെ അപേക്ഷിച്ച് കൂടുതല്‍ സ്വാഭാവികത നിലനിര്‍ത്താന്‍ പുതിയ കുറുപ്പിന് കഴിഞ്ഞിട്ടുണ്ട്.

35 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഈ ചിത്രം 2019 സെപ്തംബറിലാണ് ഷൂട്ടിംങ്ങ് ആരംഭിച്ചത്.

പാലക്കാട്, ഭോപ്പാല്‍, തൃശൂര്‍, മുംബൈ, അഹമ്മദാബാദ്, മംഗളൂരു, മൈസൂരു, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ 1966 മുതല്‍ ആരംഭിച്ച് പുതിയ കാലഘട്ടത്തിലെത്തി നില്‍ക്കവെയാണ് അവസാനിക്കുന്നത്.

മറ്റൊരു കുറുപ്പ് സിനിമക്ക് കൂടി സാഹചര്യമൊരുക്കിയാണ് സിനിമ അവസാനിക്കുന്നത്.

ആദ്യപകുതി മികച്ചു നില്‍ക്കുന്നുവെങ്കിലും രണ്ടാംപകുതി പലസ്ഥലത്തും തിരക്കഥാകൃത്തുക്കളായ കെ.എസ്.അരവിന്ദ്, ജിതിന്‍.കെ.ജോസ്, ഡാനിയല്‍ സായൂജ് എന്നിവര്‍ക്ക് കൈവിട്ടുപോകുന്നതായി അനുഭവപ്പെടുന്നു.

ചാര്‍ലിയെ കൊല്ലുന്നതും തുടര്‍ന്നുള്ള അന്വേഷണവും പ്രതികളെ പിടികൂടലും സുധാകരകുറുപ്പിന്റെ ഒളിവുജീവിതവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും പിന്നീട് നടന്ന

സംഭവങ്ങളെല്ലാം വെറും ഭാവനാസൃഷ്ടികള്‍ മാത്രമായതിനാലായിരിക്കാം രണ്ടാംപകുതി വേണ്ടത്ര ആവേശജനകമാകാതെ പോയതെന്ന് തോന്നുന്നു.

കുറുപ്പിനെ അവതരിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ അസാധാരണ അഭിനയത്തിലൂടെ തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയുടെ പിള്ളേച്ചനും അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നുണ്ട്.

പല താരങ്ങളും പുതുമുഖങ്ങളാണെങ്കിലും ഇരുത്തംവന്ന അഭിനയമികവാണ് പുറത്തെടുക്കുന്നത്. കുറുപ്പിന്റെ ഭാര്യയായ ശാരദയെ അവതരിപ്പിച്ച ശോഭിത, അമ്മാവനായി വരുന്ന പി.ബാലചന്ദ്രന്‍, ഇന്ദ്രജിത്ത്, സുധീഷ്, ടോവിനോ തോമസ്, അനുപമ പരമേശ്വരന്‍, വിജയകുമാര്‍, ശിവജിത്ത്, സുരഭിലക്ഷ്മി, കുഞ്ചന്‍, സാദിക്ക് തുടങ്ങി നീണ്ട താരനിരയാണ് കുറുപ്പിലുള്ളത്.

കാലഘട്ടത്തിന്റെ സ്വാഭാവികതയും അന്നത്തെ വസ്ത്രധാരണ രീതിയും ഹെയര്‍സ്റ്റൈലും, ലൊക്കേഷനുകളിലെ സ്വാഭാവികതയും നിലനിര്‍ത്താന്‍ കുറുപ്പിന് സാധിച്ചിട്ടുണ്ട്.

കാലഘട്ടത്തിന്റെ പുന:സൃഷ്ടിക്ക് തന്നെ വലിയതോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്.

നിമിഷ് രവിയുടെ ഛായാഗ്രഹണവും വിവേക്ഹര്‍ഷന്റെ എഡിറ്റിങ്ങും സുഷിന്‍ശ്യാമിന്റെ സംഗീതവുമെല്ലാം എടുത്തുപറയേണ്ടതുതന്നെയാണ്.

കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകളെ ജനസമുദ്രമാക്കാന്‍ കുറുപ്പിന് സാധിച്ചത് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ മിടുക്ക് തന്നെയാണെന്ന് അടിവരയിട്ട് പറയിക്കുകയാണ് ഈ സിനിമ.