പിലാത്തറ: കണ്ണൂരിലെ നാട്ടുവാക്കുകള്ക്ക് നിഘണ്ടുവായി. ഡോ.വി.ടി.വി.മോഹനന്, ഡോ.സ്മിത കെ നായര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കണ്ണൂര്‍ ജില്ലയുടെ സമഗ്ര നാട്ടുഭാഷാ നിഘണ്ടുവായ ‘കണ്ണൂരിന്റെ ഭാഷാഭേദനിഘണ്ടു പുറത്തിറങ്ങി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മുവായിരത്തോളം നാട്ടുവാക്കുകള്‍ ഉള്‍പ്പെടുന്ന ഈ നിഘണ്ടു ഏറെ കാലത്തെ ശ്രമഫലമായാണ് പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയതെന്ന്
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.വി.ടി.വി.മോഹനനും തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ സ്മിത കെ നായരും സാക്ഷ്യപ്പെടുത്തുന്നു.
വായ്മൊഴിയായി തലമുറകള്‍ കൈമാറിവരികയും പിന്നീട് കൈമോശം വന്നതുമായ വാക്കുകള്‍ കണ്ടെത്തുന്നതിന് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ വിവിധ മതസ്ഥര്‍, സമുദായങ്ങള്‍, പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ ഭാഷ വൈജാത്യങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.
കൊയക്ക്, കാലിപ്പെറുക്കല്, തുമ്പോട്ടി, കണ്ടി തുടങ്ങിയ വാക്കുകള്‍ കണ്ണൂര്‍ ജില്ലക്കാരുടെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു.
മൂല വാക്ക്, വ്യാകരണഭേദം, വാക്കിന്റെ ഉത്ഭവം, രണ്ട് കാലങ്ങളിലായുള്ള വാക്കുകളുടെ പ്രയോഗങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ റഫറന്‍സ് ഗ്രന്ഥമായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.