വെറും നവീകരണമല്ല, മാനവനവീകരണ സന്ദേശവുമായി ളാവില്‍ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നു.

തളിപ്പറമ്പ്: എല്ലാ മതവിഭാഗങ്ങള്‍ക്കും കടന്നുചെല്ലാനായി മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ളാവില്‍ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നു.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട തേര്‍ളായി ദ്വീപില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മോലോത്തുംകുന്നില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 700 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് അനുമാനം.

99 ശതമാനവും മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്ന ഇവിടെ ആകെയുള്ളത് 3 ഹിന്ദുകുടുംബങ്ങള്‍ മാത്രം.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രം നവീകരിക്കാന്‍ എല്ലാ സഹായവും ചെയ്യുന്നത് പഞ്ചായത്ത് മെമ്പറും മുസ്ലീംലീഗ് നേതാവുമായ മൂസാന്‍കുട്ടി തേര്‍ളായിയാണ്.

മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ക്ഷേത്രത്തിലേക്ക് മാത്രമായി റോഡ് നിര്‍മ്മിച്ചുനല്‍കിയത്.

തെക്കു കിഴക്കു ഭാഗത്ത് വളപട്ടണം പുഴ ചുറ്റി ഒഴുകുന്ന ഒരു ദ്വീപില്‍ ഇത്തരത്തിലൊരു ശിവക്ഷേത്രം ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായിരിക്കും.

ക്ഷേത്രത്തിന്റെ കരിങ്കല്‍ ശില്‍പ്പങ്ങള്‍ ഗതകാല ശില്‍പ്പകലയുടെ പ്രൗഡി വിളിച്ചറിയിക്കുന്നു.

കുന്നിന്‍ മുകളില്‍ നിന്നും പുഴയുടെ അടിത്തട്ട് വരെ തൊടുന്ന വിധത്തില്‍ ആഴമേറെയുള്ളതാണ് ഇവിടുത്തെ മണിക്കിണര്‍.

ക്ഷേത്രം പുനരുദ്ധരിക്കാനായി എം.എം.നാരായണന്‍ ചെയര്‍മാനും അമൃതന്‍ കണ്‍വീനറുമായി രൂപീകരിക്കപ്പെട്ട കമ്മറ്റിയില്‍ മൂസാന്‍കുട്ടി തേര്‍ളായി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.

പ്രദേശവാസിയും ചെങ്ങളായി പഞ്ചായത്ത് സെക്രട്ടെറിയുമായ കെ.കെ.രാജേഷാണ് സമൂഹമാധ്യമങ്ങളിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

തേര്‍ളായി ദ്വീപിന്റെ ടൂറിസം സാധ്യതകളും ക്ഷേത്രത്തിന്റെ ഭാഗമായി വികസിപ്പിക്കാന്‍ പഞ്ചായത്ത് ശ്രമമാരംഭിച്ചിട്ടുണ്ട്.

എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും വന്ന് കാണാന്‍ പറ്റുന്ന വിധത്തില്‍ ഈ ക്ഷേത്രത്തെ നവീകരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നവീകരണ കമ്മറ്റി ഭാരവാഹികള്‍ പറയുന്നു.