തളിപ്പറമ്പ്: ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നിണ്ട 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന ലൂര്‍ദ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഡയരക്ടര്‍ രാഖി ജോസഫ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
2023-ല്‍ ആദ്യ ബാച്ചില്‍ അഡ്മിഷന്‍ ആരംഭിച്ച് ബി എസ് സി, കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് എ.ഐ ആന്‍ഡ് എംഎല്‍, ബി.സി.എ. ബികോം ഫൈനാന്‍സ് വിഷയങ്ങളുമായി ആരംഭിച്ച കോളേജ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ്, ബിബിഎ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്സുകള്‍ക്ക് കൂടി അംഗീകാരം നേടിയെടുത്തു.
അടുത്ത അക്കാദമിക വര്‍ഷത്തില്‍ ബിബിഎ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ബികോം ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ അതി നൂതന കോഴ്സുകള്‍ കൂടി തുടങ്ങാനുള്ള ശ്രമത്തിലാണ്.
നിലവില്‍ കണ്ണൂര്‍ കാസര്‍കോട് കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠിക്കുന്നുണ്ട്.
മികച്ച അധ്യാപകരോടൊപ്പം ചേര്‍ന്ന് മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നുണ്ട്.
90% ത്തിനു മുകളില്‍ വിജയശതമാനം നേടാനും അത് നിലനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്.
ബിരുദസര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം ജോലി ലഭിക്കുന്ന സാഹചര്യമല്ല ഇന്ന് നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞാണ് കുട്ടികള്‍ക്ക് ക്യൂ സ്‌പൈഡര്‍ എന്ന പേരില്‍ മികച്ച പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.
17 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തോടെ 6 രാജ്യങ്ങളില്‍ അയ്യായിരത്തിലേറെ മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ സ്ഥാപനമാണ് 15 ദിവസത്തെ പരിശീലനം നല്‍കുന്നത്.
ഡിസംബര്‍ 12 നാണ് പരിശീലനം ആരംഭിക്കുക. പൂര്‍ണമായും സൗജ്യമായിട്ടാണ് പരിശീലനം ഒരുക്കുന്നത്.
അമ്മാനപ്പാറയിലെ വിപുലീകരിച്ച ക്യാമ്പസില്‍ ഈ വര്‍ഷം ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോളേജും ആരംഭിക്കാന്‍ തീരുമാനിച്ചതായും ഡയരക്ടര്‍ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.ഡൊമിനിക് തോമസ്, അസോസിയേറ്റ് പ്രഫസര്‍ പി.സുഭാഷ്, അസി.പ്രഫസര്‍ പി.സിജി എന്നിവരും പങ്കെടുത്തു.