മാന്‍ഡലിന്‍ വിസ്മയത്തില്‍ അലിഞ്ഞ് പെരുഞ്ചെല്ലൂര്‍
തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ മാന്‍ഡലിന്‍ വിസ്മയമൊരുക്കി വിഷ്ണു വെങ്കിടേഷ്.
ഉപകരണ സംഗീതത്തില്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത മാന്‍ഡലിന്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ അറുപത്തിഅഞ്ചാം കച്ചേരിയായാണ് അവതരിപ്പിച്ചത്.
മാന്‍ഡലിന്‍ മാസ്മരിത നേരിട്ട് അനുഭവിച്ചപ്പോള്‍ ആസ്വാദകര്‍ക്കത് ആനന്ദ നിര്‍വൃതിയിലായി മാറി.
പത്മശ്രീ യു.ശ്രീനിവാസ്, യു.രാജേഷ് എന്നിവരുടെ ശിഷ്യനായ ബംഗളൂരുവിലെ വിഷ്ണു വെങ്കടേഷാണ് മാന്‍ഡലിന്‍ സംഗീതത്തിലൂടെ ആസ്വാദകരുടെ ഉള്ളം കവര്‍ന്നത്.
ശ്രീരാഗവര്‍ണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്.
തുടര്‍ന്ന് വാതാപി, ത്യാഗരാജ പഞ്ചരത്‌ന കൃതിയായ ജഗദാനന്ദ, ചന്ദ്രജ്യോതി രാഗത്തില്‍ വാഗായനയ്യ, രീതിഗൗള രാഗത്തില്‍ ജനനി നിന്നുവിന, മായാമാളവഗൗളയില്‍ ദേവ ദേവ,
കദന കുതൂഹലത്തില്‍ രഘുവംശ സുധ തുടങ്ങിയ കൃതികളും അതീവ ഹൃദ്യമായി അവതരിപ്പിച്ചു. രാഗസുധാരസ, മറുഗേലറ, ദേവാമൃതവര്‍ഷിണി രാഗത്തിലെ എവറണി തുടങ്ങിയ കൃതികളെല്ലാം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
മുഖ്യ കൃതിയായി അവതരിപ്പിച്ചത് ഷണ്മുഖപ്രിയ രാഗത്തിലെ മരിവേര ദിക് എന്ന കൃതിയായിരുന്നു.
ദര്‍ബാരി കാനഡ രാഗത്തിലെ നോവര്‍ദ്ധന ഗിരിധര എന്ന കൃതിയോടെയാണ് മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട കച്ചേരിക്ക് പരിസമാപ്തിയായത്.
വായ്പാട്ടിലൂടെ ഒഴുകി എത്തുന്ന സാഹിത്യഭാഷ ഉപകരണങ്ങള്‍ക്ക് പ്രാപ്യമെന്ന് കച്ചേരി് തെളിയിച്ചു.
വയലിനില്‍ ആദര്‍ശ് അജയ്കുമാര്‍, മൃദംഗത്തില്‍ ശ്രീദത്ത് എസ് പിള്ള, ഘടത്തില്‍ കുരിചിതനം അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കച്ചേരിക്ക് മാറ്റുകൂട്ടി.
സംഗീത സഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ആമുഖപ്രഭാഷണം നടത്തി.