റുഡ്‌സെറ്റില്‍ അന്താരാഷ്ട്ര കണ്ടല്‍ ദിനം ആചരിച്ചു

തളിപ്പറമ്പ്: കണ്ടല്‍ക്കാടുകള്‍ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകനും പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ സുരക്ഷകനുമായ കല്ലേന്‍ പൊക്കുടന്റെ മകനുമായ അനന്തന്‍ പൊക്കുടന്‍.

തളിപ്പറമ്പ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവയാണ് കണ്ടല്‍കാടുകള്‍. ഉഷ്ണ മേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടല്‍ക്കാടുകള്‍ക്കുണ്ട്.

അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്സിജനും പുറത്ത് വിടുന്നു.

വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികള്‍ക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്.

യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവര്‍ത്തന വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ് കല്ലേന്‍ പൊക്കുടന്‍. കണ്ടല്‍ സംരക്ഷണത്തില്‍ അച്ഛന്റെ നിസ്വാര്‍ത്ഥമായ സേവനവും അനുഭവങ്ങളും അനന്തന്‍ പൊക്കുടന്‍ പങ്കുവച്ചു.

ചടങ്ങില്‍ ഡയറക്ടര്‍ സി.വി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പരിശീലകരായ എന്‍.അഭിലാഷ്, സി.രോഷ്‌നി, ഷേര്‍ലി, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു. നാഗേഷ് മല്ല്യ സ്വാഗതവും എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.