അഡ്വ.മാത്യു കുന്നപ്പള്ളി ജോസഫ് ഗ്രൂപ്പ് വിട്ടു-ജോസഫ് സ്തുപാടകരുടെ തടവറയിലെന്ന് ആരോപണം-

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതിന് ചോരയും നീരും ഒഴുക്കിയ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ട് ഏകാധിപത്യ മനോഭാവത്തിലും ജനാധിപത്യ

വിരുദ്ധ പ്രവര്‍ത്തനത്തിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമ്പോള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളി ആരോപിച്ചു.

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രസക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിലേക്കും കേരളാ കോണ്‍ഗ്രസ് എമ്മിലേക്കും ചേക്കേറാന്‍ പാര്‍ട്ടി നേതൃത്വം നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്.

കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി.എഫ്.തോമസ്, കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സീസ് ജോര്‍ജ്, 25 വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് ജേക്കബ്

ചെയര്‍മാനായിരുന്ന യുഡിഎഫ് സെക്രട്ടറി അഡ്വ. ജോണി നെല്ലൂര്‍ തുടങ്ങിയ പ്രഗത്ഭരായ നേതാക്കളെയും അവരുടെ ആയിരക്കണക്കിന് അനുയായികളെയും പിന്നില്‍ നിന്ന് ചവിട്ടിയ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി പാര്‍ട്ടിയെ ഉന്മൂലനം ചെയ്യുവാന്‍ കാരണമായി.

സംസ്ഥാന കമ്മിറ്റി മുതല്‍ ഏറ്റവും താഴെത്തട്ടിലുള്ള മണ്ഡലം കമ്മിറ്റി വരെ വിളിച്ചുകൂട്ടിയിട്ട് വര്‍ഷങ്ങളായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു പാര്‍ട്ടിയില്‍

നിന്നും വന്നവരെ വെട്ടിനിരത്തി. വിവിധ പാര്‍ട്ടികളില്‍ നിന്ന് ലയിച്ച് പ്രവര്‍ത്തകരെയും നേതാക്കളെയും പൂര്‍ണമായി അവഗണിച്ച സാഹചര്യത്തില്‍ അവര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായി.

താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്ന് അകന്നു. അവര്‍ അങ്ങേയറ്റം നിരാശരും ദുഖിതരുമാണ്. ഒരു തരത്തിലുമുള്ള തിരുത്തലിനും തയ്യാറാകാത്ത പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന് ഒരു സാധ്യതയുമില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ട് സീറ്റും നഷ്ടപ്പെട്ട് കേരള രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഈ പാര്‍ട്ടി അപ്രത്യക്ഷമാകും. കേരളാ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും സമാനതകള്‍ ഇല്ലാത്തതുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളാ കോണ്‍ഗ്രസ് എമ്മിനെ അവിശ്വസിച്ചതും കേരളാ കോണ്‍ഗ്രസ് ജോസഫിനെ അമിതമായി വിശ്വസിച്ചതുമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം.

വിജയസാധ്യതയുള്ള സീറ്റുകളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയസാധ്യത ഇല്ലാതാക്കി. ഈ സാഹചര്യത്തില്‍ വളരെ ചിട്ടയോടും ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയോട്

ചേര്‍ത്തുനിര്‍ത്തികൊണ്ട് യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നേറുന്ന കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അഡ്വ. മാത്യു കുന്നപ്പള്ളി അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ധാരാളം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നൊടൊപ്പം ബഹുമാന്യനായ ജോസ് കെ.മാണി എം.പി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയിലേക്ക് കടന്നുവരും.

അതോടൊപ്പം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, പൊതുഭരണരംഗത്ത് നാടിന്റെ സമഗ്ര വികസന മുന്നേറ്റത്തിന് കരുത്തുറ്റ നേതൃത്വം നല്‍കികൊണ്ട് മതേതര മൂല്യങ്ങള്‍

ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പിണറായി വിജയന്‍ നടിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന് ശക്തി പകരുവാന്‍ കഴിഞ്ഞാല്‍ വികസന രംഗത്ത് വിപ്ലവകരമായ പുരോഗതി കൊണ്ടുവരാന്‍ ഈ ഗവണ്‍മെന്റിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരമുള്ള ഏക കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണ് നയിക്കുന്നതാണ്. അധ്വാനവര്‍ഗത്തിന്റെ ഉന്നമനം, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുക, കര്‍ഷക രക്ഷ, നവകേരളം മതേതര ഭാരതം തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫിലെ

മൂന്നാംകക്ഷിയുടെ 5 എംഎല്‍എമാരും അതില്‍ മന്ത്രിയും ചീഫ് വിപ്പും 8 ബോര്‍ഡ് ചെയര്‍മാന്‍മാരും ലോക്‌സഭയിലും രാജ്യസഭയിലും അംഗം ഉള്ള ജോസ് കെ. മാണിയുടെ നേതൃത്വത്തിന് മാത്രമേ കഴിയൂ.

ഈ വസ്തുത മനസ്സിലാക്കി കൊണ്ട് ഞാനും ജില്ലയിലെ നൂറുകണക്കിന് പ്രവര്‍ത്തകരും ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജിവച്ച് ജോസ് കെ. മാണി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നതായി അറിയിക്കുന്നു.

കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.