മാത്തില്‍ ഹൈസ്‌ക്കൂളില്‍ 1982 എസ്.എസ്.എല്‍.സി ബാച്ചിന്റെ സ്‌നേഹവിരുന്ന്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ മാത്തില്‍ ഗവ.ഹൈസ്‌കൂളിലെ 82- ബാച്ച് പത്താം ക്ലാസുകാര്‍ വേറിട്ടൊരു പരിപാടി കൂടി നടത്തി ശ്രദ്ധേയരായി.

41 വര്‍ഷം മുമ്പ് മാത്തില്‍ സ്‌കൂളില്‍ എസ്.എസ് എല്‍.സി പഠിച്ചവരുടെ കൂട്ടായ്മ സ്‌കൂളിനും, പ്രളയം, കൊറോണ കാലങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഒട്ടേറെ സഹായങ്ങളുമായി രംഗത്തുവന്നിരുന്നു.

പൊതു ജനങ്ങള്‍ക്കടക്കം ഉപകാരപ്പെടുന്ന തരത്തിലുള്ള ക്യാമ്പുകള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ ഏറെ മതിപ്പുണ്ടാക്കിയ 82-ബാച്ചുകാര്‍ ഇത്തവണ  സ്‌നേഹവിരുന്നൊരുക്കി പുതിയ മാതൃക സൃഷ്ടിച്ചു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഈ വര്‍ഷം വിരമിച്ച ഈ കൂട്ടായ്മയിലെ പതിനൊന്നുപേര്‍ ചേര്‍ന്നാണ് മറ്റ് സഹപാഠികള്‍ക്ക് വേണ്ടി അവര്‍ പഠിച്ച സ്‌കൂളില്‍ തന്നെ വിഭവസമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയത്.

ഇത്തവണത്തെ തുളുനാട് മാസിക അവാര്‍ഡ് ലഭിച്ച രമേശ് കാളീശ്വരത്തെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്തു.

മാത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഭാര്‍ഗവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പസിഡന്റ് നന്ദിനി അധ്യക്ഷയായിരുന്നു.

സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ബാച്ച് വക ഉപഹാരവും ചടങ്ങില്‍ വെച്ച് നല്‍കി.

സഹപാഠികളുടെ സ്‌നേഹവായ്പിന് നന്ദി പറഞ്ഞ് മുന്‍ ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. രാജീവ് പുത്തൂര്‍ സ്വാഗതവും, നന്ദകുമാര്‍ നന്ദിയും പറഞ്ഞു.