Skip to content
പിലാത്തറ: ഒന്നുകുറെ നാല്‍പ്പത് തെയ്യക്കോലങ്ങള്കാണാനും അനുഗ്രഹങ്ങള്‍ നേടാനും അപൂര്‍വ്വ അവസരമൊരുക്കി കുഞ്ഞിമംഗലം കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടു മുതല്‍ അഞ്ചു വരെ തീയതികളിലാണ് കളിയാട്ടം നടക്കുക.
രണ്ടിന് വൈകുന്നേരം അഞ്ചിന് ആണ്ടാം കൊവ്വല്‍ മുത്തപ്പന് ക്ഷേത്ര പരിസരത്ത് നിന്ന് കലവറ ഘോഷയാത്ര നടക്കും.
മൂന്ന്, നാല് തീയതികളില്‍ രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റവും പുറപ്പാടും നടക്കും.
അഞ്ചിന് ഉച്ചയോടെ തായ് പരദേവതയുടെ തിരുമുടി നിവരും. തുടര്‍ന്ന് അന്നദാനം നടക്കും.
കളിയാട്ട ദിവസങ്ങളില്‍ കരിങ്കാളി ഭഗവതി, പൂക്കുട്ടി ശാസ്തന്‍, ഭൈരവന്, ധുമ്രന്, ധ്രൂമാ ഭഗവതി, കരുവാളന്, പൊട്ടന്, കറുത്ത ഭൂതം, വെളുത്ത ഭൂതം, കൂഞ്ഞാര് കുറത്തി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, തൊണ്ടച്ഛന്, മാഞ്ഞാളമ്മ, പുള്ളി ഭഗവതി, കരിങ്കുട്ടിശാസ്തന്, ഘണ്ഡാ കര്ണന്, ഉച്ചിട്ട, കുറത്തിയമ്മ, കുണ്ടോര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, പരാളിയമ്മ, രുദ്രാംഗഭഗവതി, ഗുളികന് എന്നീ തെയ്യക്കോലങ്ങളാണ് കളരിപ്പറമ്പിലെ ക്ഷേത്രാരൂഢത്തിലും ഭണ്ഡാരപ്പുരയിലും കാഞ്ഞിരത്തിന്കീഴിലും മാടത്തിലും മറ്റ് പതിയിലുമായി അഞ്ച് കേന്ദ്രങ്ങളിലായി അനുഗ്രഹം ചൊരിയുന്നത്.
ഇതില്‍ പലതും അപൂര്‍വ തെയ്യക്കോലങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ പാണപ്പുഴ പത്മനാഭന് പണിക്കര്‍, മാട്ടുമ്മല്‍ ജനാര്ദ്ദനന് ഗുരുക്കള്‍, എം.കുഞ്ഞിക്കണ്ണന്, സുധാകരന് മാട്ടുമ്മല്‍, എം.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.