ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിയിലായതായി സൂചന.

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായതായി സൂചന.

കേരളാ പോലീസ് ഇതേ സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും തമിഴ് ദിനപത്രങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഭീകരവിരുദ്ധ സേനയുടെ തലവനായ ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വനമേഖലയില്‍ തെരച്ചില്‍ നടക്കുന്നത്.

മാവോയിസ്റ്റ് വേട്ടക്കായി കാടുകയറിയ തണ്ടര്‍ബോള്‍ട്ട് നക്‌സല്‍ വിരുദ്ധ സേനാംഗങ്ങള്‍ ഇതേവരെയും കാടുവിട്ട് പുറത്തേക്ക് വന്നിട്ടില്ല.

ഇന്ന് രാവിലെയും വനമേഖലയില്‍ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു.

എട്ടംഗ മാവോയിസ്റ്റ് സംഘം ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിവെച്ചതായും സേന തിരിച്ച് വെടിവെച്ചതായും പറയുന്നുണ്ട്.

മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സാധാരണഗതിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌ക്കരിക്കുന്ന രീതിയാണ് മാവോയിസ്റ്റുകള്‍ സ്വീകരിക്കാറുള്ളത്.

 

സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള എട്ടംഗ മാവോയിസ്റ്റ് സംഘമാണ് വനമേഖലയില്‍ ഉള്ളെതന്നാണ് വിവരം.

2018 നവംബര്‍ 24 ന് നിലമ്പൂര്‍ വനത്തില്‍ പോലീസ് വെടിവെച്ചുകൊലപ്പെടുത്തിയ കുപ്പുദേവരാജ്, അജിത എന്നിവരുടെ അഞ്ചാം രക്തസാക്ഷിത്വദിനം ആചരിക്കാനും മാവോയിസ്റ്റുകള്‍ തീരുമാനമെടുത്തിട്ടുണ്ട്.

കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പരസ്യമായി റൂട്ട്മാര്‍ച്ച് നടത്താനും സി.പി.ഐ(മാവോയിസ്റ്റ്)കേന്ദ്രനേതൃത്വം തീരുമാനമെടുത്തതായാണ് വിവരം.

കേരളം, കര്‍ണാടം, തമിഴ്‌നാട് വനാതിര്‍ത്തി പ്രദേശത്തെ ട്രയാംഗിള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം നേരിട്ടാണ് കേഡര്‍മാര്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും പ്രത്യേക പ്രവര്‍ത്തകരെ നിയോഗിച്ചതായാണ് വിവരം.