മാവോയിസ്റ്റുകളേ–വരൂ കീഴടങ്ങൂ അഞ്ച്‌ലക്ഷം നേടൂ–പുനരധിവാസ പാക്കേജ് ഗംഭീരം-

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍ പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നതു അഞ്ചു ലക്ഷം രൂപവരെ. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും.

സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴിലിനും മറ്റും വായ്പയെടു ക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു അഭിരുചിക്കനുസരിച്ചു തൊഴില്‍ പരിശീലനം നല്‍കും.

മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാത്തപക്ഷം മൂന്നുവര്‍ഷം വരെ പരിശീലനകാലത്ത് മാസം 10,000 രൂപ വരെ അനുവദിക്കും.  ആയുധങ്ങള്‍ ഹാജരാക്കിയാല്‍ 35, 000 രൂപ പാരിതോഷികം നല്‍കും.

വീട്, വിദ്യാഭ്യാസച്ചെലവിനു പ്രതിവര്‍ഷം 15,000 രൂപവരെയും നിയമപ്രകാരമുള്ള വി വാഹത്തിനു കാല്‍ ലക്ഷം രൂപ വരെയും അനുവദിക്കും.

നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികള്‍ മുഖേനയുള്ള തീര്‍പ്പ് എന്നിവയും പദ്ധതി വാഗ്ദാനങ്ങളാണ്. ലഘുവായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളില്‍ മാത്രം ഉള്‍പ്പെട്ടവരാണ് കബനി ദളത്തിലെ മാവോയിസ്റ്റ് കാഡറുകളില്‍ പലരുമെന്നാണ് പോലീസ് പറയുന്നത്.

കബനിദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമു(37) തിങ്കളാഴ്ച്ച ഉത്തരമേഖലാ ഐ.ഡി അശോക് യാദവ് മുമ്പാകെ കീഴടങ്ങിയിരുന്നു.

പുല്‍പ്പള്ളിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ണാടകയിലേക്ക് ഇഞ്ചിപ്പണിക്ക് പോയ നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ് നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ലിജേഷ്.

കുട്ടിയായിരിക്കെ കര്‍ണാടകയിലെത്തിയ ലിജേഷ് ഏഴ് വര്‍ഷമായി മാവോയിസ്റ്റ് കബനിദളത്തിലെ അംഗമാണ്. ഇയാളുടെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണെങ്കിലും കീഴടങ്ങിയിട്ടില്ല.

കബനിദളം കാഡറുകളെന്ന് പോലീസ് കരുതുന്ന ബി.ജി.കൃഷ്ണമൂര്‍ത്തി, വിക്രംഗൗഡ, സാവിത്രി, പ്രഭ, ലത, എ.എസ്.സുരേഷ്, സുന്ദരി, ജയണ്ണ, രമേഷ്, ശര്‍മ്മിള, വനജാക്ഷി, രവി. മുരുകേഷ്, സി.പി.മൊയ്തീന്‍, സന്തോഷ്, സോമന്‍, ചന്ദ്രു, കവിത, കാര്‍ത്തിക്,ഉണ്ണിമായ, , രാമു, രവീന്ദ്രന്‍, യോഗേഷ്, ജിഷ എന്നിവര്‍ വയനാട് കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലയിലാണെന്നാണ് പോലീസ് കരുതുന്നത്.