എം.ഡി.എച്ച്, എവറസ്റ്റ് മസാലകള്‍ ഹോംകോങ്ങില്‍ നിരോധിച്ചു.

ന്യൂഡല്‍ഹി: കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നീ ഉല്‍പന്നങ്ങളില്‍ കാര്‍സിനോജന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി (സിഎഫ്എസ്) ഏപ്രില്‍ 5 ന് അറിയിച്ചിരുന്നു.

എഥിലീന്‍ ഓക്സൈഡ് ക്യാന്‍സറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. സുഗന്ധവ്യഞ്ജന മിശ്രിതങ്ങളില്‍ കാണപ്പെടുന്ന എഥിലീന്‍ ഓക്സൈഡിന്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതായി സിഎഫ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും വ്യാപാരികളോട് സിഎഫ്എസ് അറിയിച്ചിരുന്നു.

വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
അനുവദനീയമായ അളവില്‍ എഥിലീന്‍ ഓക്സൈഡിന്റെ അളവ് കൂടുതലായതിനാല്‍ സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും (എസ്എഫ്എ) എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്സൈഡില്‍ നിന്ന് പെട്ടെന്നുള്ള അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തുവിന്റെ തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാക്കുമെന്നും കണ്ടെത്തി.

ഉത്പ്പന്നങ്ങള്‍ക്കെതിരായ പരാതിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോങ്കോങ്ങും സിംഗപ്പൂരും ഉതപ്പന്നങ്ങള്‍ തിരികെ വിളിച്ചതിന് പിന്നാലെയാണ് എഫ്എസ്എസ്എഐയുടെ നീക്കം.