കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍.

പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് നോര്‍ത്ത് ചെല്ലട്ടന്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകള്‍ ഇ.സ്‌നേഹ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ 4.8 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടി. തുടര്‍ന്ന് ഇവരുടെ വാഹനമായ കെ.എല്‍- 13 എ.ആര്‍. 6657 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ പരിശോധിച്ചതില്‍ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടില്‍ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും ആണ് പിടികൂടിയത്.
കണ്ണൂര്‍ ജില്ലയില്‍ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികള്‍. മുമ്പും മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ താളിക്കാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച കേസില്‍ ഒന്നാം പ്രതിയായ മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
പ്രതികള്‍ ജില്ലയുടെ പലഭാഗത്തും രാസ ലഹരികള്‍ വില്പന നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായം ലഭിച്ചിരുന്നു.
എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷിനും പി.വി.ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സന്തോഷ് തൂണോളി, പി.കെ.അനില്‍കുമാര്‍, ആര്‍.പി.അബ്ദുല്‍ നാസര്‍, പ്രിവന്റ്റീവ് ഓഫീസര്‍മാരായ ടി.ഖാലിദ്, പി.പി.സുഹൈല്‍, പി.ജലീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി.അജിത്, ഷാംജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജ്മല്‍, സായൂജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സീമ, ഷബ്ന, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബു എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
