മെഡിക്കല്‍ കോളേജിന്റെ ശുദ്ധജലശേഖരം ഇനി ഏതാനും ദിവസം മാത്രം–60 വര്‍ഷം പഴക്കമുള്ള കിണര്‍ മൂടും

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ദിവസം രണ്ടുമണിക്കൂര്‍ ഇടവേളയിട്ട് അറുപത് വര്‍ഷം മുടങ്ങാതെ വെള്ളം പമ്പുചെയ്ത കിണര്‍ ഇനി അതാനും ദിവസങ്ങള്‍ മാത്രം.

പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് വേണ്ടി 1961 ല്‍ നിര്‍മ്മിച്ച കിണറാണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇല്ലാതാവുന്നത്.

ഇന്നും 22 മണിക്കൂറോളം ഇവിടെ നിന്ന് വെള്ളം പമ്പുചെയ്യുന്നുണ്ട്.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് ആദ്യകാലത്ത് രണ്ട് കിണറുകളാണ് ഉണ്ടായിരുന്നത്.

ഇതിലൊന്ന് നിലവിലുള്ള മോര്‍ച്ചറിക്ക് സമീപവും മറ്റൊന്ന് ഔഷധിയുടെ തോട്ടത്തിലുമാണിപ്പോള്‍.

പരിയാരം മെഡിക്കല്‍ കോളേജിന് വേണ്ടി വണ്ണാത്തിപ്പുഴയില്‍ നിന്ന് പ്രത്യേകമായി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.

1948 കാലത്ത് നിര്‍മ്മിച്ച രണ്ട് കിണറുകള്‍ പോരാതെ വന്നതോടെയാണ് 1961 ല്‍ ദേശീയപാതക്ക് സമീപം ഏമ്പേറ്റ് വയലില്‍ ഈ കിണര്‍ നിര്‍മ്മിച്ചത്.

അക്കാലത്ത് സ്ഥിരമായി മുന്നൂറിലേറെ രോഗികള്‍ സാനിട്ടോറിയത്തില്‍ അഡ്മിറ്റ് ചെയ്യപ്പെടാറുണ്ടായിരുന്നു. ഇതില്‍ 200 പേരും ഒരു വര്‍ഷക്കാലമോ അതിന് മുകളിലോ ആശുപത്രിയില്‍ കഴിയുന്നവരായിരുന്നു.

ജലദൗര്‍ലഭ്യം കൂടിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ജലശേഖരം ഉള്ള ഏമ്പേറ്റ് വയലിന്റെ ഒരു ഭാഗത്തായി പമ്പ്ഹൗസും കിണറും പണിതത്.

പമ്പ്ഹൗസ് നിര്‍മ്മിക്കാനായി ഈഭാഗത്ത് സ്ഥലമുണ്ടായിരുന്ന സ്വകാര്യവ്യക്തി സൗജന്യമായാണ് അന്ന് ഭൂമി നല്‍കിയത്.

തുടര്‍ച്ചയായി വെള്ളം പമ്പുചെയ്യണമെന്ന ഉദ്ദേശത്തോടെ ഏറ്റവും ആഴത്തിലും വീതിയിലുമായിരുന്നു കിണര്‍ നിര്‍മ്മാണം. വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഉപരിതലം മുഴുവനായി കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കിണറിന് പ്രത്യേകമായി പമ്പ് ഓപ്പറേറ്ററേയും നിയമിച്ചിരുന്നു.

രണ്ട് ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും
ഇവിടെ ഡ്യൂട്ടിചെയ്തിരുന്നു.

അക്കാലത്തെ ഏറ്റവും മിതച്ച പ്രവര്‍ത്തനക്ഷമതയുള്ള യു.എസ് നിര്‍മ്മിത മൈയേര്‍സ് ഇലക്ട്രിക്ക് പമ്പാണ് ഇവിടെ ഉപയോഗിച്ചത്, ഇന്നും അതു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

1993 ല്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇവിടെ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പമ്പ്ഹൗസ് പ്രവര്‍ത്തനം.

ഇപ്പോഴും 22 മണിക്കൂറോളം പ്രവര്‍ത്തിക്കുന്ന പമ്പ്ഹൗസ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതാവുന്നതോടെ മെഡിക്കല്‍ കോളേജില്‍ ശുദ്ധജലത്തിന് ക്ഷാമമുണ്ടായേക്കും.

ഇപ്പോഴും നല്ല ജലശേഖരമുള്ള ഈ ഭാഗത്ത് തന്നെ പുതിയ കിണര്‍ പണിയാനുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.