ലക്ഷങ്ങളുടെ മരുന്നുകള്‍ വരാന്തയില്‍ തന്നെ, 30 ലക്ഷം ചെലവഴിച്ച സംഭരണകേന്ദ്രത്തിന്റെ പണി നിര്‍ത്തിവെച്ചു.
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: മരുന്നുകള്‍ അലക്ഷ്യമായി വരാന്തയില്‍ സൂക്ഷിക്കുന്നതിന് ഇതേവരെ പരിഹാരമായില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വരാന്തയില്‍ കൂട്ടിയിട്ട മരുന്നുകളില്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട പലതും ഉപയോഗശൂന്യമായിരിക്കയാണ്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എത്തിക്കുന്ന മരുന്നുകള്‍ വരാന്തയില്‍ കൂട്ടിയിടുന്നത് തുടരുന്നു.
കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്ത വലിയ വിവാദമായി മാറിയിരുന്നു.
ഇതേതുടര്‍ന്ന് പഴയ ടി.ബി.സാനിട്ടോറിയത്തിലെ ഒഴിഞ്ഞുകിടക്കുന്ന വാര്‍ഡ് മെഡിക്കല്‍ സ്‌റ്റോറാക്കി മാറ്റാന്‍ തീരുമാനിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.
30 ലക്ഷം രൂപ വകയിരുത്തിയ നിര്‍മ്മാണ ജോലികള്‍ ഇപ്പോള്‍ നിലച്ചിരിക്കയാണ്. നിര്‍മ്മിതികേന്ദ്രയാണ് പുതിയ മെഡിക്കല്‍ സ്‌റ്റോറിന്റെ പണികള്‍ ചെയ്തിരുന്നത്.
നിലവില്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ കെട്ടിക്കിടക്കുന്ന മരുന്നുകള്‍ മുഴുവന്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ സ്‌റ്റോറില്‍
സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിര്‍മ്മാണജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ഇതുപോലുള്ള ഒരു കെട്ടിടം കൂടി ഉണ്ടായാല്‍ മാത്രമേ മുഴുവന്‍ മരുന്നുകളും വരാന്തയില്‍ നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
നേരത്തെ സഹകരണ മേഖലയിലായിരുന്നപ്പോള്‍ ആവശ്യത്തിന് മാത്രമേ മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്തിരുന്നുള്ളൂ.
എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഒരു വര്‍ഷത്തേക്കും രണ്ടുവര്‍ഷത്തേക്കുമുള്ള മരുന്നുകളാണ് കേരളാ മെഡിക്കല്‍
സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ മരുന്നുകള്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇതിനായി സൗകര്യമൊരുക്കിയിട്ടില്ല.
താഴെനിലയില്‍ മെഡിക്കല്‍ കോളേജിന്റെ മൂന്ന്ഭാഗത്തുമുള്ള വരാന്തകളിലാണ് മരുന്നുകള്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.
ശീതീകരണ സംവിധാനമുള്‍പ്പെടെയുള്ള മരുന്നുസംഭരണകേന്ദ്രം ആരംഭിക്കാന്‍ ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
നേരത്തെ ടി.ബി.സാനിട്ടോറിയം പ്രവര്‍ത്തിച്ച കൂടുതല്‍ വാര്‍ഡുകള്‍ ഇതിനായി ഒരുക്കിയെടുക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
