വ്യാപാരികള്‍ക്ക് പാരവെക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപാരികളുടെ മക്കളെ പഠിപ്പിക്കില്ല: കെ.എസ്.റിയാസ്
തളിപ്പറമ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്.
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി അധ്യാപകര്‍ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിലേക്ക് മാറിയിരിക്കയാണ്.
ഒരു വിഭാഗത്തിന്റെ ഉപജീവനം തടസ്സപ്പെടുത്തുകയും വലിയ കമ്മീഷന്‍ ഈടാക്കി അമിതവിലയും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങള്‍ നല്‍കുകയും ചെയ്യുന്നത് വിദ്യ അഭ്യസിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും വലിയ ബാധ്യത വരുത്തുകയാണ്.
ഇതിനെതിരെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉത്തരവാദപ്പെട്ട അധികാരികള്‍, ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍ക്കടക്കം നേരിട്ടും രേഖപരമായും പരാതികളും കാമ്പയിനും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും നിയന്ത്രിക്കേണ്ട അധികാരികള്‍ ഉറക്കം നടിക്കുകയാണ്.
ഇനിയും ഇതിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തടയാനും അനധികൃതവ്യാപാരം നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപാരികളുടെ മക്കളെ തുടര്‍ന്നു പഠിപ്പിക്കേണ്ടതില്ലെന്നും അങ്ങിനെയുള്ള സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സംഘടന ആലോചിക്കുന്നത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ചെറുകിട വ്യാപാരികള്‍ അടക്കം ബുദ്ധിമുട്ടുന്ന വേളയില്‍ ഇതുപോലെയുള്ള അനധികൃത വ്യാപാരം നിര്‍ത്തലാക്കുന്നതിനും അങ്ങിനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനും തളിപ്പറമ്പ് മെര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഇ.ഒ ഓഫീസ് സൂപ്രണ്ടിന് നിവേദനം നല്‍കുകയും വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതി സന്ധികള്‍ അവതരിപ്പിക്കുകയും ചെയ്തു.
നിവേദക സംഘത്തില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന. സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവര്‍ ഉണ്ടായിരുന്നു.