മിഫ്‌സലുവിന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് സ്റ്റെതസ്‌ക്കോപ്പിനേയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിച്ച സുഹൃത്തിന് മെഡിക്കല്‍ കോളേജിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരിച്ച മിഫ്‌സലു റഹ്മാന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് നടക്കും.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 1.30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

വൈകുന്നേരം സയ്യിദ് നഗറിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

സയ്യിദ്‌നഗര്‍ ജുമാമസ്ജീദില്‍ മയ്യത്ത് നിസ്‌ക്കാരത്തിന് ശേഷം വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.

ചീറിപ്പാഞ്ഞെത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് മികച്ച ഫുട്‌ബോള്‍ കളിക്കാരനാകണമെന്ന മിഫ്‌സലു റഹ്മാന്റെ സ്വപ്‌നങ്ങള്‍.

എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചെങ്കിലും പഠനത്തിനൊപ്പം ഫുട്‌ബോളിലും മിഫ്‌സലു മികവു പുലര്‍ത്തിയിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മിഫ്‌സാലു റഹ്മാന്‍ രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സര്‍വകലാശാല ഡി സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ടീമിലെ പ്രധാന കളിക്കാരനായിരുന്നു.

ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായും മിഫ്‌സാലു റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ആരോഗ്യ സര്‍വ്വകലാശാല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം.

മെഡിക്കല്‍ അഡ്മിഷന് ലഭിച്ചതിനാല്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും കൂടെയായിരുന്നു താമസം.

ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി ടീം സെലക്ഷനില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനുള്ള യാത്രയില്‍ എഴാംമൈലിലാണ് മിഫ്‌സലു സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചത്.

മഴ പെയ്തതിനാല്‍ അമിത വേഗതത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണംവിട്ട് മിഫ്‌സലു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

നിയന്ത്രണംവിട്ട ബസ് സമീപത്തെ മരത്തിലിടിച്ചാണ് നിന്നതെന്ന് പോലീസ് പറഞ്ഞു.

മിഫ്‌സലുവിന്റെ മരണത്തെതുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പ്രിന്‍സിപ്പാള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.